Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കള്‍ക്ക് വേണ്ടി ക്ഷോഭിക്കുന്നതില്‍ കുറ്റം പറയാനാവില്ല; രാഷ്ട്രീയം പറയുമെന്ന് വീണ്ടും ഷാജി

കണ്ണൂര്‍- കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.എം. ഷാജി. രോഗദുരിതങ്ങള്‍ക്കിടയില്‍ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അര്‍ത്ഥം തന്നെ നമ്മള്‍ക്ക് പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ്. സെന്റിമെന്റ് സീനുകള്‍ക്ക് പിറകില്‍ കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോള്‍ മിണ്ടാതിരിക്കുന്നതാണ് അപകടമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മക്കള്‍ക്ക് വേണ്ടി ആളുകള്‍ ക്ഷോഭിച്ച് പോവുന്നതില്‍ കുറ്റം പറയാനാവില്ല. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വാക്കുകളില്‍ പറഞ്ഞാല്‍ എല്ലാ ആദര്‍ശങ്ങളും മറന്ന് പോകും മക്കള്‍ക്ക് വേണ്ടിയെന്നും ഷാജി പറയുന്നു.  

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

എപ്പോഴാണു രാഷ്ട്രീയം പറയേണ്ടത് എന്ന ചര്‍ച്ചയിലായിരുന്നു പലരും. രോഗദുരിതങ്ങള്‍ക്കിടയില്‍ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അര്‍ത്ഥം തന്നെ നമ്മള്‍ക്ക് പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ് ഒരു ഭരണസംവിധാനം ദുരിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവരോട് ചോദ്യങ്ങള്‍ ഉന്നയിച്ച് അലോസരമുണ്ടാക്കരുത് എന്ന വിലക്ക് ശരിയല്ലേ എന്ന് ആര്‍ക്കും തോന്നിപ്പോവും. പക്ഷെ, ഈ സെന്റിമന്റ് സീനുകള്‍ക്ക് പിറകില്‍ കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോള്‍ മിണ്ടാതിരിക്കുന്നതാണു അപകടം.

സ്പ്രിങ്ക്‌ലര്‍ കമ്പനിയുമായുള്ള കരാര്‍ അങ്ങനെ ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ സൈബര്‍ ഗുണ്ടകള്‍ ആ മനുഷ്യനെ സോഷ്യല്‍ മീഡിയ തെരുവില്‍ കല്ലെറിഞ്ഞു. ആ സൈബര്‍ ലിഞ്ചിങ് പോലും പെയ്ഡ് പി ആര്‍ വര്‍ക്കിന്റെ ഭാഗമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലക്ക് ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ഫിനാന്‍സ് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു. മുഖ്യമന്ത്രി വയലന്റായത് ആ എഫ് ബി പോസ്റ്റിലല്ല എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു; പൊളിഞ്ഞു പോയ ഒരു ബിസിനസ് ഡീല്‍ ആയിരുന്നു ഈ പകപോക്കലിന്റെ കാരണം.

സ്പ്രിംഗ്ലര്‍ എന്ന കമ്പനിയുടെ കരാറില്‍ നിന്ന് മാധ്യമ/പൊതുജന ശ്രദ്ധ തിരിക്കാന്‍ ഒരു വിഷയം വേണം. കരുവാക്കാന്‍ നല്ലത് ഞാനാണെന്നും തോന്നിക്കാണും പക്ഷെ, ആ കാഞ്ഞബുദ്ധിയില്‍ കഞ്ഞി വെന്തില്ല. സത്യം മൂടിവെക്കാന്‍ കോടികളുടെ പി ആര്‍ കമ്പനിക്കുമാവില്ല; കാരണം, ഇത് കേരളമാണ്.

സ്പ്രിംഗ്ലര്‍ കമ്പനിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കി വന്നപ്പോള്‍ വലിയ സോഷ്യല്‍ ഡിസറ്റന്‍സിംഗ് കാണുന്നില്ല. ആരൊക്കെയോ അടുത്തടുത്ത് നില്‍ക്കുന്നു. വ്യക്തമാവാത്ത വസ്തുതാപരമല്ലാത്ത ഒരു കാര്യം ഇവിടെ ഉന്നയിക്കുന്നില്ല. മക്കള്‍ക്ക് വേണ്ടി ആളുകള്‍ ക്ഷോഭിച്ച് പോവുന്നതില്‍ കുറ്റം പറയാനാവില്ല. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വാക്കുകളില്‍ പറഞ്ഞാല്‍ എല്ലാ ആദര്‍ശങ്ങളും മറന്ന് പോകും മക്കള്‍ക്ക് വേണ്ടി.

2000 ജൂലൈ പത്തൊമ്പത് കാലത്തൊക്കെ നിങ്ങളില്‍ പലരുടെയും മക്കള്‍ തെരുവിലായിരുന്നു സഖാക്കളെ; പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനം കേട്ട് സ്വാശ്രയ കോളേജുകള്‍ക്കെതിരെയുള്ള സമരത്തില്‍. സെക്രട്ടറിയാണെങ്കില്‍ കോയമ്പത്തൂരില്‍ വരദരാജന്‍ മുതലാളിയുടെ വീട്ടില്‍ വിശ്രമത്തിലും; അമൃത എഞ്ചിനീയറിംഗ് കോളേജില്‍ മകള്‍ക്ക് സീറ്റ് കിട്ടിയ സന്തോഷത്തില്‍.

അതുകൊണ്ട് എന്നെ വിജിലന്‍സ് കേസില്‍ ഉള്‍പെടുത്തുന്നതില്‍ ആശങ്ക വേണ്ട പ്രിയപ്പെട്ടവരേ! അത് നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്നാല്‍, ഇതിനിടയില്‍ കൂടി നമ്മളെ ഒന്നാകെ വില്‍ക്കുന്ന കച്ചവടം നടത്തുന്നത് കാണുമ്പോള്‍ അരുതെന്ന് പറഞ്ഞോളൂ, അതിനാണു രാഷ്ട്രീയം എന്ന് പറയുക; ആ രാഷ്ട്രീയം കൊക്കില്‍ ജീവനുള്ള കാലത്തോളം പറയുകയും ചെയ്യണം.

 

Latest News