Sorry, you need to enable JavaScript to visit this website.

ഏകാന്തകാലത്ത് മൃതദേഹങ്ങളുടെ സഹയാത്രികനായി ഒരാൾ

മുജീബ് പൂക്കോട്ടൂർ

മക്ക- കോവിഡ് കാലത്ത് മരണത്തിലും നിസ്സഹായരായിപ്പോകുന്ന മനുഷ്യർക്കൊപ്പം അവസാനം വരെ കൂട്ടിരിക്കുകയാണ് മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ. കോവിഡ് ഉയർത്തുന്ന ഭീതിക്കാലത്തും മുജീബിന് തിരക്കൊഴിയുന്നില്ല. അസുഖം ബാധിച്ച് സഹായം തേടി വിളിക്കുന്നവരും രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളും മുജീബിനെ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളുടെ മരണാനന്തര നടപടിക്രമങ്ങൾക്ക് മറ്റാരും മുജീബിന് കൂട്ടില്ല. ഏതു കാലത്തും മക്കയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ, വിശിഷ്യ മലയാളികളുടെ മരണാനന്തര കർമങ്ങൾക്ക് നേതൃത്വം നൽകുന്നത് മുജീബായിരുന്നു. ഈ കോവിഡ് കാലത്തും മരിക്കുന്നവരുടെ മരണാനന്തര കർമങ്ങൾക്കായി വിശുദ്ധ നഗരത്തിൽ മുജീബുണ്ട്.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാന്റെ (65) മയ്യിത്ത് ഇന്ന് മുജീബ് ഏറ്റെടുത്ത് മറവു ചെയ്യും. മക്ക ബിൻ ലാദിൻ കമ്പനിയിൽ ഹറം പവർ സ്‌റ്റേഷൻ എൻജിനീയറായി 32 വർഷമായി സേവനം ചെയ്യുന്ന അസ്മത്തതുല്ല ഖാൻ കഴിഞ്ഞ ദിവസം നൂർ ഹോസ്പിറ്റലിലാണ് മരിച്ചത്.  അബ്ദുൽ വാഹിദ് ഖാൻ, റഹ്മത്തുള്ളഖാൻ, സംഷ് ഫാത്തിമ, മെഹർ ഫാത്തിമ എന്നിവരാണ് മക്കൾ. തെലങ്കാന നിസാമാബാദിലെ അഹമ്മദ്പുര സ്വദേശിയായ അസ്മത്തുല്ല ഖാന്റെ മയ്യിത്ത് മറവു ചെയ്യുന്നത് അടക്കമുളള കാര്യങ്ങൾക്ക് അദ്ദേഹത്തിന്റെ ഭാര്യ ഫൗസിയ സൽമ ചുമതലപ്പെടുത്തിയത് മുജീബ് പൂക്കോട്ടൂരിനെയാണ്. ഇത് അറിയിച്ചുള്ള കത്ത് എംബസിക്ക് നൽകി. ഇന്ന് ഉച്ചയോടെ മൃതദേഹം മറവു ചെയ്യും. ഈ കോവിഡ് കാലത്ത് മുജീബ് നേതൃത്വം നൽകുന്ന മൂന്നാമത്തെ മരണാനന്തര ചടങ്ങാണിത്. 29 വർഷത്തിലേറെയായി മക്കയിലുള്ള മുജീബ് ഇതോടകം രണ്ടായിരത്തിലേറെ മൃതദേഹങ്ങളാണ് മറവുചെയ്യാൻ നേതൃത്വം നൽകിയത്. 


നേരത്തേ മരിക്കുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ മരണാനന്തര ചടങ്ങുകൾക്ക് എത്താറുണ്ടെങ്കിലും കോവിഡ് കാലത്ത് അധികമാരും വരാറില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യചടങ്ങുകൾക്കു കർശന നിയന്ത്രണമുള്ളതിനാൽ ഇതിനായി ബന്ധുക്കൾക്കും നിയന്ത്രണങ്ങളുണ്ട്. എന്നാലും അടുത്ത ബന്ധുക്കൾ പോലും പലപ്പോഴും മരണാനന്തര ചടങ്ങുകളിൽനിന്ന് മാറി നിൽക്കുകയാണ് ചെയ്യാറുള്ളത്. 
മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി ഹറമിലെത്തിച്ച് മയ്യിത്ത് നമസ്‌കാരവും നിർവഹിച്ച് അനുവദിക്കപ്പെട്ട ശ്മശാനങ്ങളിൽ കൊണ്ടുപോയി മറവു ചെയ്യുന്നത് വരെയുളള കർമങ്ങൾക്ക്  മുജീബ് തന്നെയാണ് നേതൃത്വം നൽകുന്നത്. ചുറ്റിലും ആളുകൾ നിറഞ്ഞുനിന്നിരുന്നൊരു അന്ത്യച്ചടങ്ങുകളിൽ എല്ലാം ഏകാന്തമായി ചെയ്യുന്നത് ഏറെ സങ്കടപ്പെടുത്തുന്നതാണെന്ന് മുജീബ് പറയുന്നു.

ജീവിതത്തിലും മരണത്തിലും നിസ്സഹായരായിപ്പോകുന്ന മനുഷ്യർക്കൊപ്പം അവസാനം വരെ കൂട്ടുപോകാൻ അവസരം ലഭിക്കുന്നത് ഒരു പുണ്യമാണെന്നും മുജീബ് പറയുന്നു. മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി കൂടിയായ മുജീബിന് സാമൂഹ്യ പ്രവർത്തനം ജീവവായു തന്നെയാണ്. 1990 ലാണ് മുജീബ് സൗദിയിൽ എത്തിയത്. അന്നു മുതൽ ഈ നിമിഷം വരെ മരണം കൂട്ടിക്കൊണ്ടുപോയ മനുഷ്യർക്കൊപ്പം മുജീബ് അവസാനം വരെ കൂട്ടിരിക്കുന്നു, ഒരു നിയോഗം പോലെ. ഈ ഏകാന്തകാലത്തും മൃതദേഹങ്ങളുടെ സഹയാത്രികനായി ഒരാൾ.

Latest News