റിയാദ് - റിയാദിലും അറേബ്യൻ ഉപദ്വീപിലും വസൂരി പടർന്നുപിടിച്ചിരിക്കുന്നു. സാധ്യമായ പാരമ്പര്യ ചികിത്സകളൊന്നും ഫലിക്കുന്നില്ല. അനുദിനം മരണം വർധിച്ചുവരികയാണ്. പ്രമുഖരുടെ നീണ്ട നിര മരണത്തിന് കീഴടങ്ങി. ഗ്രാമങ്ങളിലെ അവസ്ഥ അതിദയനീയമാണ്. ഒടുവിൽ രക്ഷയുടെ തുരുത്ത് തേടി ഗ്രാമീണർ അബ്ദുൽ അസീസ് രാജാവിന്റെ സന്നിധിയിലേക്ക് ഒഴുകിത്തുടങ്ങി. ഇതറിഞ്ഞ രാജാവ് നഗരത്തിന്റെ പ്രവേശന കവാടത്തിൽ പണി കഴിപ്പിച്ച തുലൈം കൊട്ടാരത്തിൽ അവരെ പാർപ്പിക്കാനും ഡോക്ടർമാരെ അയച്ച് ചികിത്സിക്കാനും സർവ സൗകര്യവുമൊരുക്കി. റിയാദിലെ ബത്ഹയിൽ ബത്ഹ കൊമേഴ്‌സ്യൽ കോംപ്ലക്‌സിന്റെ തെക്ക് ഭാഗത്തെ തുലൈം കൊട്ടാരം കോവിഡ് കാലത്തും ഒരു മഹാമാരിയെ നേരിട്ട ചാരിതാർഥ്യത്തിൽ തലയുയർത്തി നിൽക്കുന്നു.
1939 ൽ അറേബ്യയെയാകെ മഹാമാരിയായി വസൂരി പിടിച്ചുലക്കുകയാണ്. വിദഗ്ധ ഡോക്ടർമാരെ കൊണ്ടുവന്ന് മരുന്ന് നൽകിയും കുത്തിവെപ്പെടുത്തും അബ്ദുൽ അസീസ് രാജാവ് തന്റെ പ്രജകളെ സംരക്ഷിക്കാൻ കഠിന പ്രയത്‌നം നടത്തുന്നു. വിദേശത്ത് നിന്ന് ഡോക്ടർമാരെ കൊണ്ടുവന്നാണ് റിയാദിലെ രോഗികളെ ചികിത്സിക്കുന്നത്. നഗരത്തിൽ രോഗത്തിന് ശമനമുണ്ടെങ്കിലും പുറത്ത് അതായിരുന്നില്ല അവസ്ഥ. രോഗം ബാധിച്ച മിക്കവരും മരിക്കുകയും രക്ഷപ്പെട്ടവരുടെ കാഴ്ച ശക്തി നശിക്കുകയും ചെയ്തു. നഗരത്തിലെ ചികിത്സയെ കുറിച്ച് ഗ്രാമങ്ങളിൽ സന്ദേശമെത്തി. രോഗികളെയും വഹിച്ച് ഗ്രാമീണ കുടുംബങ്ങൾ രാജാവിന്റെ സന്നിധിയിലേക്ക് പുറപ്പെട്ടു. റിയാദ് നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്ത് ശംസിയയിലെ ബത്ഹ താഴ്‌വരയിൽ അവർ തമ്പടിച്ചു. തുടർന്നാണ് രാജാവ് തുലൈം കൊട്ടാരത്തിൽ അവരെ താമസിപ്പിച്ച് ഭക്ഷണം നൽകാനും ഡോക്ടർമാരെ അയച്ച് ചികിത്സിക്കാനും നിർദേശിച്ചത്.
ബത്ഹ നഗരത്തിലെ ആ പുരാതന കെട്ടിടം കാണുമ്പോൾ വസൂരിയെ അതിജീവിച്ച് അതിന്റെ അടയാളങ്ങൾ മുഖത്തു സൂക്ഷിക്കുന്ന പഴയ തലമുറയിലുള്ളവർക്ക് പറയാനേറെയാണ്. പണ്ഡിതരും പൗരപ്രമുഖരുമടക്കം നിരവധി പേർ മരിച്ചുവെന്നാണ് അവരുടെ ഒാർമയിലുള്ളത്. ഹിജ്‌റ 1355 ൽ അബ്ദുൽ അസീസ് രാജാവ് തുലൈം തോട്ടം വിലക്ക് വാങ്ങിയാണ് ഇവിടെ കൊട്ടാരം പണിതത്. തന്റെ പിതാവ് ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ അൽസൗദിന്റെ പേരിൽ ഇത് വഖഫ് ചെയ്യുകയും ചെയ്തു. പുറത്ത് നിന്ന് റിയാദിലേക്ക് വരുന്നവർക്ക് അതിഥി മന്ദിരവും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. തോട്ടം വാങ്ങി കൊട്ടാരം നിർമിച്ച് രണ്ട് വർഷം കഴിഞ്ഞ് ഹി. 1357 ലാണ് വസൂരി രോഗികളെ ക്വാറന്റൈൻ ചെയ്യാനും ചികിത്സക്കാനുമായി ഇത് വിട്ടുനൽകിയത്.
അബ്ദുൽ അസീസ് രാജാവിന് റിയാദിൽ രണ്ടു കൊട്ടാരങ്ങളാണ് ഉണ്ടായിരുന്നതെന്ന് ചരിത്രകാരനായ അബ്ദുറഹ്മാൻ അൽറുവൈശിദ് പറയുന്നു. ഖസ്ർ അബ്ദുൽ അസീസ് എന്നും ഖസ്‌റുദ്ദിയാഫയെന്നും അറിയപ്പെട്ടിരുന്ന ദീര കൊട്ടാരമാണ് ആദ്യത്തേത്. റിയാദിലെ രാഷ്ട്രീയ, സുരക്ഷാ പ്രശ്‌നങ്ങൾ നിയന്ത്രണ വിധേയമായ ശേഷമാണ് അദ്ദേഹം കൊട്ടാരം പണിതത്. പൗരപ്രമുഖരെയും പൊതുജനങ്ങളെയും സ്വീകരിക്കുന്നതിന് ഇവിടെ പ്രത്യേകം ഹാളുകളുണ്ടായിരുന്നു. തലസ്ഥാന നഗരിയുടെ വിസ്തൃതി വ്യാപിക്കുകയും ആളുകളുടെ വരവ് വർധിക്കുകയും ചെയ്തതോടെ ദീര കൊട്ടാരത്തിന് പകരം പൊതുജനങ്ങളെ സ്വീകരിക്കുന്നത് തുലൈം കൊട്ടാരത്തിലേക്ക് മാറ്റിയിരുന്നു.
ബത്ഹയിലെ ഓവർബ്രിഡ്ജിനും കിംഗ് ഫൈസൽ റോഡിനും ഇടയിൽ ബത്ഹ കൊമേഴ്‌സ്യൽ കോംപ്ലക്‌സിനോടു ചേർന്ന സ്ഥലത്താണ് ഈ നാലുകെട്ട് സ്ഥിതി ചെയ്യുന്നത്. അക്കാലത്ത് ഈ കൊട്ടാരത്തിൽ രാജാവിന്റെ നിർദേശപ്രകാരം പാവങ്ങൾക്ക് ഭക്ഷണ വിതരണമുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ 11 മണിക്ക് ഇവിടെ ഭക്ഷണം വിളമ്പും. അതിനായി നിരവധി പേർ എത്തുമായിരുന്നുവെന്ന് മറ്റൊരു ചരിത്രകാരൻ ഡോ. നാസർ അൽജുഹൈമി പറയുന്നു. സ്‌കൂളും ഇതിനുള്ളിൽ പ്രവർത്തിച്ചിരുന്നു. ഇവിടെ അബ്ദുൽ അസീസ് രാജാവ് പൊതുജനങ്ങളെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സ്വീകരിക്കുകയും അവർക്ക് സഹായങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. മലയോരങ്ങളിൽ മഴ വിട്ടൊഴിഞ്ഞ സമയമായതിനാലാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളെ തെരഞ്ഞെടുത്തിരുന്നത്.
കൊട്ടാരത്തോട് ചേർന്ന് ഏഴ് തൂണുകളിലായി തയാറാക്കിയ വലിയ ജലസംഭരണിയിൽ നിന്നാണ് യാത്രക്കാരുടെ ഒട്ടകങ്ങളും മറ്റും വെള്ളം കുടിച്ചിരുന്നത്. റിയാദിലേക്ക് വരുന്ന യാത്രക്കാരുടെ വിശ്രമ കേന്ദ്രം കൂടിയായതിനാൽ ഭക്ഷണമുണ്ടാക്കാനും ഇവിടെ സൗകര്യമുണ്ടായിരുന്നു. ദീര കൊട്ടാരത്തിലെ മേൽനോട്ടക്കാരനായിരുന്ന ഖുറൈമിസിനായിരുന്നു ഇവിടുത്തെയും മേൽനോട്ട ചുമതല.
അസീസ് രാജാവിന്റെ കാലശേഷം ഈ കൊട്ടാരങ്ങളുടെ ഘടനയിലും രൂപങ്ങളിലും മാറ്റം വരുത്തി. ദീര കൊട്ടാരത്തോടനുബന്ധിച്ച് നിരവധി അതിഥി മന്ദിരങ്ങൾ പണിതു. പരമ്പരാഗത രീതിയിൽ മണ്ണും ഈത്തപ്പനയോലയും കൊണ്ട് നിർമിച്ച തുലൈം കൊട്ടാരം അമ്പതിലധികം റൂമുകളോടെ സൗദ് രാജാവ് കോൺക്രീറ്റ് കെട്ടിടമാക്കി നവീകരിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ ഓഫീസാക്കി മാറ്റി. കൊട്ടാര ചുമതലയിലുണ്ടായിരുന്ന ജീവനക്കാരെ സൗദ് രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ധനമന്ത്രാലയം സൗദി പോസ്റ്റിന് സമീപത്തേക്ക് മാറിയെങ്കിലും പഴയ രേഖകളും മറ്റും സൂക്ഷിക്കുന്ന ഇടമായി തുലൈം അവശേഷിച്ചു.
നിരവധി മഹാമാരികളെ അതിവേഗം ഈ മണ്ണിൽ നിന്ന് തുടച്ചുനീക്കാൻ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. അബ്ദുൽ അസീസ് രാജാവിന്റെ അതേ പാത തന്നെയാണ് ഇന്നത്തെ ഭരണാധികാരികളും തുടരുന്നത്. കോവിഡും അതിജീവിക്കുമെന്നാണ് അവർക്ക് പറയാനുള്ളത്.






