ഉത്തരവാദിത്തമുമുള്ള നേതാവ്; രാഹുലിനെ പ്രശംസിച്ച് ശിവസേന

മുംബൈ- കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം സാംന. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്ത് ഉത്തരവാദിത്തമുമുള്ള നേതാവ് എങ്ങനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി കാണിച്ചുതന്നുവെന്ന് പത്രം അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് ഭീഷണി മുന്‍കൂട്ടി തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ക്കാരിന് നിരന്തരം മുന്നറിയിപ്പ് നല്‍കി. അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാരിനെ താഴെ ഇറക്കുന്ന തിരക്കിലായിരുന്നു ബിജെപിയെന്നും ശിവസേന പത്രം വിമര്‍ശിച്ചു.
രാജ്യത്തിന്റെ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ചകള്‍ നടത്തണമെന്ന്
മുഖപത്രത്തില്‍ ശിവസേന ആവശ്യപ്പെട്ടു.
ബിജെപിയുടെ വിജയത്തിന്റെ ഭൂരിഭാഗവും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വന്നതിനാല്‍ ഉണ്ടായതാണ്.
എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാടിനെ പ്രശംസിക്കേണ്ടതുണ്ട്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി എങ്ങനെ പെരുമാറണമെന്നതിനേക്കുറിച്ച് കോണ്‍ഗ്രസ് മാതൃകയാണെന്നും ശിവസേന പറഞ്ഞു.

 

Latest News