മഞ്ചേരിയിലേത് കോവിഡ് മരണമല്ല; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും

മലപ്പുറം- മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിക്ക് (85) കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. അവസാന പരിശോധനാ ഫലവും നെഗറ്റീവായതിനാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും ഖബറടക്കുന്നതിന് കോവിഡ് പ്രോട്ടോക്കോള്‍ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സംസ്‌കാര ചടങ്ങില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാനും കൂടിച്ചേരാനും പാടില്ലെന്ന് മന്ത്രി നിര്‍ദേശിച്ചു.

വീരാന്‍കുട്ടിക്ക് ഏപ്രില്‍ മൂന്നിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായിരുന്നു.   വിദഗ്ധ ചികിത്സയെ തുടര്‍ന്ന് കോവിഡ് ഭേദമായെങ്കിലും 30 വര്‍ഷമായി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നതിനാലാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നത്.

മാര്‍ച്ച് 31 ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ മൂന്നിന് ആലപ്പുഴ എന്‍.ഐ.വിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഏപ്രില്‍ 7, 10 തീയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു. മാര്‍ച്ച് 11 ന് രോഗിയെ തുടര്‍ നിരീക്ഷണത്തിനായി ഐസൊലേഷനില്‍ നിന്ന് സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.

ഏപ്രില്‍ 13 ന് വൈകുന്നേരം 4 മണിക്ക്  നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡ്യൂട്ടി കാര്‍ഡിയോളജിസ്റ്റ് രോഗിയെ പരിശോധിച്ച് ഇ.സി.ജി, എക്കോ പരിശോധനകളിലൂടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. ഉടന്‍തന്നെ അതിനാവശ്യമായ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഏപ്രില്‍ 13 ന് മൂന്നാമത്തെ സാമ്പിള്‍ പരിശോധനാ ഫലത്തിലും കോവിഡ് നെഗറ്റീവായി. ഏപ്രില്‍ 14 ന് രോഗിക്ക് മൂത്രത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അക്യൂട്ട് കിഡ്നി ഇഞ്ചുറി ഉണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ നെഫ്രോളജിസ്റ്റുകളുടെ സംഘം ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു.

ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായ രോഗിക്ക് ഏപ്രില്‍ 16 ന് കഠിനമായ പനി അനുഭവപ്പെടുകയും തുടര്‍ പരിശോധനയില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച് ചികിത്സ ആരംഭിച്ചു. ഏപ്രില്‍ 17 ന് നടത്തിയ പരിശോധനയില്‍ രോഗിക്ക് സെപ്റ്റിസീമിയ, മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ഷന്‍ സിന്‍ഡ്രോം രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തി. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് മരിച്ചത്.

 

Latest News