മലപ്പുറം- കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) മരിച്ചു. അവസാന പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഒരു പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വീരാൻകുട്ടി മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസൂഖങ്ങളുള്ളതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു . ഏപ്രിൽ രണ്ടിനാണ് വീരാൻ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. അതേസമയംഎങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനിൽനിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു റിപ്പോർട്ടെങ്കിലും മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.






