കൽപറ്റ-വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്കു വിധേയനായ യുവാവിനു ഒരു മാസത്തേക്കുള്ള മരുന്നു രാഹുൽഗാന്ധി ലഭ്യമാക്കി. മേപ്പാടി വടുവൻചാൽ കുറ്റിയാങ്കൽ ജനീഷിനാണ് രാഹുൽഗാന്ധി പതിനായിരം രൂപ വിലവരുന്നു മരുന്നു എത്തിച്ചത്. ആവശ്യമായ മരുന്നു ലോക്ഡൗണായതിനാൽ ജില്ലയിൽ ലഭ്യമല്ലാത്ത വിവരം കാണിച്ചു ജനീഷ് അയച്ച ഇ മെയിലാണ് രാഹുൽഗാന്ധി എംപിയുടെ ഇടപെടലിനു കാരണമായത്. നൂൽപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ.റാസിഫ് മുഖേന കോഴിക്കോടുനിന്നാണ് മരുന്നു വയനാട്ടിലെത്തിച്ചത്. ഇതു ഡി.സി.സി ജനറൽ സെക്രട്ടറി എൻ.സി.കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ എന്നിവർ ജനീഷിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്.






