കൊച്ചി- നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപ് പിതാവിന്റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ജയിലിലേക്ക് തന്നെ മടങ്ങി. ഇന്ന് രാവിലെ എട്ടുമണിയോടെ ആലുവയിലെ വീട്ടിലെത്തിയ ദിലീപ് രണ്ടു മണിക്കൂറോളം വീട്ടില്‍ ചെലവിട്ട ശേഷമാണ് മടങ്ങിയത്. അച്ഛന് ശ്രാദ്ധമൂട്ടിയ ദിലീപ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. വീട്ടില്‍ മധുരവിതരണവും നടന്നു. പ്രമുഖ നടിയെ അക്രമിച്ച കേസിൽ 58 ദിവസമായി ആലുവ സബ് ജയിലിൽ റിമാന്റിലാണ് ദിലീപ്. ഇന്ന് രാവിലെ രണ്ട് മണിക്കൂറോളം വീട്ടിൽ നടക്കുന്ന ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുക്കാനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയത്.
രാവിലെ 7.40 ഓടെ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന് ദിലീപിനെ ആലുവ സബ് ജയിൽ അധികൃതർ കൈമാറി. സുരക്ഷ കണക്കിലെടുത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. എട്ട് മണിക്ക് മുമ്പായി വീട്ടിൽ എത്തിയ ദിലീപ് ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ മാത്രം പങ്കെടുക്കാവുന്ന രീതിയിലാണ് ദിലീപിനെ എത്തിച്ചത്. ആലുവ ശിവക്ഷേത്രത്തിൽ കർമങ്ങൾ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ആലുവ പാലസിന് സമീപമുള്ള വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. വീടിന് സമീപം ആലുവ പുഴയിലെ ചടങ്ങുകളിലും സംബന്ധിക്കുന്നുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു.






