തുറൈഫ്- കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലേബർ ക്യാമ്പുകളിലും കമ്പനികളുടെ താമസ സ്ഥലങ്ങളിലും ആരോഗ്യ പ്രവർത്തകർ പരിശോധന തുടരുന്നു. തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് രോഗ സാധ്യതയുള്ളവരെ കണ്ടെത്തുന്നത്.
അതിനിടെ, ആവശ്യമായ ജാഗ്രത പാലിക്കുവാൻ തൊഴിലാളികളിൽ ചിലർ തയാറാകാത്തത് ആശങ്കയുളവാക്കുന്നുണ്ട്. പുറത്തിറങ്ങാൻ അനുവദിക്കപ്പെട്ട സമയങ്ങളിൽ ആവശ്യമില്ലാതെ തന്നെ പൊതുസ്ഥലങ്ങളിൽ പോകുകയും കൂട്ടം കൂടുകയും ചെയ്യുന്നതായാണ് വിമർശം.
രാവിലെ ആറു മുതൽ ഉച്ച കഴിഞ്ഞ ശേഷം മൂന്ന് മണി വരെ അത്യാവശ്യത്തിന് മാത്രം പുറത്ത് പോകാനാണ് അധികൃതർ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഈ സമയങ്ങളിൽ യഥേഷ്ടം പുറത്തു പോയി കൂട്ടംകൂടി ഇരിക്കാമെന്ന ധാരണയാണ് ചിലർക്കുള്ളത്.
പ്ലംബിംഗ്, വയർമെൻ, വർക്ക് ഷോപ്പ്, പെയ്ന്റിംഗ് തുടങ്ങിയ ജോലികൾക്ക് പോകുന്നവർ ജാഗ്രത പുലർത്തുമ്പോഴാണ് ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവരുടെ ജാഗ്രതക്കുറവ്. മാസ്‌കും ഗ്ലൗസും ധരിക്കാതെയാണ് ഇവരിൽ പലരും പുറത്തിറങ്ങുന്നത്.






