മക്കയിൽ ബിൻ ദാവൂദ് ഹൈപ്പർ മാർക്കറ്റ് അടച്ചു

മക്ക പ്രവിശ്യയിൽ പെട്ട അദുമിലെ അൽമശാശ്, ദീ റഹ്ജാൻ ഗ്രാമങ്ങളിൽ  അണുവിമുക്ത ജോലികൾ പുരോഗമിക്കുന്നു. 

മക്ക - കഅ്കിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ബിൻ ദാവൂദ് ഹൈപ്പർ മാർക്കറ്റ് അടച്ചു. കൊറോണബാധ സംശയിക്കുന്നയാളുമായി ഏതാനും ജീവനക്കാർ സമ്പർക്കം പുലർത്തിയതാണ് മുൻകരുതലെന്നോണം സ്ഥാപനം അടക്കാൻ കാരണം. രോഗബാധ സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയവരും ഇവരുമായി സമ്പർക്കം പുലർത്തിയവരുമെല്ലാം ഐസൊലേഷനിലാണ്. പൂർണമായും അണുവിമുക്തമാക്കുന്നതിനു വേണ്ടിയും ആരോഗ്യ മന്ത്രാലയം നിർദേശിച്ച സുരക്ഷാ വ്യവസ്ഥകൾ പാലിച്ചുമാണ് സ്ഥാപനം അടച്ചതെന്ന് മാനേജ്‌മെന്റ് പറഞ്ഞു. 
മക്ക കഅ്കിയ ഡിസ്ട്രിക്ടിൽ ഒരാഴ്ചക്കിടെ അടക്കുന്ന രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റാണ് ബിൻ ദാവൂദ്. ഏതാനും ജീവനക്കാർക്ക് കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഅ്കിയ പാണ്ട ഹൈപ്പർ മാർക്കറ്റ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

മക്ക പ്രവിശ്യയിൽ പെട്ട അദുമിലെ അൽമശാശ് ഗ്രാമത്തിൽ വ്യാപാര കേന്ദ്രം ബലദിയ അടപ്പിച്ചു. കൊറോണ രോഗികളിൽ ഒരാൾ പ്രവേശിച്ചതിനെ തുടർന്നാണ് വ്യാപാര കേന്ദ്രം മുൻകരുതലെന്നോണം ബലദിയ അടപ്പിച്ചത്. അൽമശാശ്, ദീ റഹ്ജാൻ ഗ്രാമങ്ങളിൽ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗങ്ങളും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കുന്നത് പ്രത്യേക സംഘങ്ങൾ തുടരുകയാണ്. അദുമിൽ 50 വയസ്സ് പ്രായമുള്ള സൗദി പൗരന് കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു. അദുമിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊറോണ കേസാണിത്. 

Latest News