ജനീവ- ആഫ്രിക്കയായിരിക്കും അടുത്ത കൊറോണ വൈറസ് പ്രഭവകേന്ദ്രമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 18000 കേസുകളും ആയിരത്തോളം മരണങ്ങളും ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും യു.എസിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന് തോന്നുമെങ്കിലും ആഫ്രിക്കയില്‍ വൈറസ് വ്യാപനം വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.
മഹാമാരിയെ നേരിടാന്‍ മതിയായ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇവിടെയില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചു. വൈറസ് വ്യാപനം തലസ്ഥാന നഗരങ്ങളില്‍നിന്ന് ദക്ഷിണാഫ്രിക്ക, ഐവറികോസ്റ്റ്, നൈജീരിയ, കാമറൂണ്‍,ഘാന എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി സംഘടന കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഡയറക്ടര്‍ ഡോ. മാത്ഷിഡിസോ മൊയിതി പറഞ്ഞു.