പോലീസ് വാനില്‍ യുവതിക്ക് സുഖപ്രസവം

ന്യൂദല്‍ഹി-  ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ദല്‍ഹിയില്‍ യുവതി പോലീസ് വാനിനുള്ളില്‍ പ്രസവിച്ചു. വ്യാഴാഴ്ച രാത്രിയാണ് പടിഞ്ഞാറന്‍ ദല്‍ഹിയിലുള്ള ഖ്യാലയിലെ മിനി കുമാര്‍ എന്ന യുവതി ബന്ധുക്കള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തി ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടത്. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പോലീസ് വാന്‍ തന്നെ ഇവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ ഏര്‍പ്പെടുത്തി നല്‍കി.
എന്നാല്‍, ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മിനി വാനിന്റെ ഉള്ളില്‍ പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവും സഹോദരിയും ചേര്‍ന്നാണ് കുട്ടിയെ പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന വനിത പോലീസ് കോണ്‍സ്റ്റബിളും സഹായിച്ചു. പിന്നീട് ഡോക്ടര്‍മാരെ പോലീസ് വാഹനത്തിനടുത്തേക്ക് വിളിച്ചു വരുത്തി വേണ്ട അടിയന്തര ചികിത്സകള്‍ നല്‍കി. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പുരോഹിത് പറഞ്ഞു.
കഴിഞ്ഞ എട്ടാം തീയതിയും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മറ്റൊരു യുവതി പോലീസ് വാഹനത്തില്‍ ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു.

 

Latest News