മലപ്പുറം-വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി എത്തുന്ന പ്രവാസികൾക്ക് കോവിഡ് കാലത്ത് സുരക്ഷിത താമസമൊരുക്കാൻ ജില്ലയിൽ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങൾ. ജില്ലയിൽ 15 കോവിഡ് കെയർ സെന്ററുകളാണ് ആരോഗ്യ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ ശുചിമുറികളോടുകൂടിയ 713 മുറികൾ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാലയിലെ ഹോസ്റ്റൽ, കീഴാറ്റൂരിലെ സ്വകാര്യ ഫാർമസി കോളജ് ഹോസ്റ്റൽ, മഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റൽ, കാളികാവിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ നിലവിൽ നിരീക്ഷണത്തിൽ നിരവധി പേർ കഴിയുന്നുണ്ട്. ഇത് കൂടാതെ
മലപ്പുറം ശിക്ഷക് സദൻ, കുറ്റിപ്പുറത്തെ സ്വകാര്യ ദന്താശുപത്രി, കരിപ്പൂരിലെ ഹജ്ജ് ഹൗസ് എന്നിവയും പ്രവർത്തന സജ്ജമാണ്. കോട്ടക്കൽ അധ്യാപക സദൻ, വെട്ടത്തൂരിലെ സ്വകാര്യ അറബിക് കോളജ് ഹോസ്റ്റൽ, പൊന്മളയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം, തവനൂർ കെ.സി.എ.ഇ.ടി, തിരൂരങ്ങാടി പോളി ടെക്നിക് കോളജ്, വാഴയൂരിലെ സ്വകാര്യ കോളജ്, പട്ടിക്കാട് വലമ്പൂരിലെ ആർട്സ് ആന്റ് സയൻസ് കോളജ്, രാമപുരത്തെ ആർട്സ് ആന്റ് സയൻസ് കോളജ് എന്നിവയാണ് ഏറ്റെടുത്ത മറ്റ് കോവിഡ് കെയർ സെന്ററുകൾ.
ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളും 12 നഗരസഭകളും പ്രത്യേക കോവിഡ് കെയർ സെന്ററുകൾക്കായി കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആവശ്യം വരുന്ന മുറക്ക് ഈ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറും. കൂടുതൽ പേർക്ക് നിരീക്ഷണം ആവശ്യമായി വരികയാണെങ്കിൽ വിവിധ മത സ്ഥാപനങ്ങളുടേതടക്കമുള്ള ഹോസ്റ്റലുകൾ, ഓഡിറ്റോറിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും ഏറ്റെടുത്ത് നിരീക്ഷണ കേന്ദ്രങ്ങളാക്കും. സർക്കാർ ഒരുക്കുന്ന പൊതു കേന്ദ്രങ്ങൾ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് സ്വന്തം ചിലവിൽ സ്വകാര്യ ഹോട്ടൽ മുറികളിൽ നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു.
കോവിഡ് 19 സ്ഥിരീകരിച്ചവർക്കും രോഗ ലക്ഷണങ്ങളുള്ളവർക്കും മികച്ച ചികിത്സയാണ് ജില്ലയിൽ ഉറപ്പാക്കിയിരിക്കുന്നത്. ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സംവിധാനത്തോടെയുള്ള 556 മുറികളാണ് രോഗികൾക്കായുള്ളത്. 22 വെന്റിലേറ്ററുകളും സർക്കാർ മെഡിക്കൽ കോളജിലുണ്ട്. 53 ഡോക്ടർമാർ, 64 സ്റ്റാഫ് നഴ്സ്, 30 നഴ്സിംഗ് അസിസ്റ്റന്റ്, എട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, 32 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് പ്രിൻസിപ്പൽ, സൂപ്രണ്ട്, നോഡൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ഐസൊലേഷൻ കേന്ദ്രത്തിൽ സേവനത്തിലുള്ളത്. ആവശ്യം വരുന്ന ഘട്ടത്തിൽ ഉപയോഗിക്കാൻ എടപ്പാൾ ശ്രീവത്സം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസും ജില്ലയിലെ രണ്ടാമത്തെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 100 ബെഡുകളോടു കൂടിയ മുറികളാണുള്ളത്.
കോവിഡ് പ്രാഥമിക പരിശോധന കേന്ദ്രങ്ങളായി അഞ്ച് സർക്കാർ ആശുപത്രികളും അഞ്ച് സ്വകാര്യ ആശുപത്രികളും ഐസൊലേഷൻ കേന്ദ്രങ്ങളായി ജില്ലയിലുണ്ട്. ശുചിമുറികളോടു കൂടിയ 178 മുറികളും 56 വെന്റിലേറ്ററുകളുമാണ് ഈ ആതുരാലയങ്ങളിലുള്ളത്. 80 ഡോക്ടർമാർ, 120 സ്റ്റാഫ് നഴ്സ്, 11 നഴ്സിങ് അസിസ്റ്റന്റ്, 30 ഫാർമസിസ്റ്റുകൾ മറ്റു ജീവനക്കാർ എന്നിവരുടെ സേവനവും ഐസൊലേഷൻ കേന്ദ്രങ്ങളിലുണ്ട്.
തിരൂർ ജില്ലാ ആശുപത്രി
കൂടുതൽ രോഗികളെ കിടത്തി ചികിത്സക്കും നിരീക്ഷണത്തിലുമാക്കാൻ മലപ്പുറം, വണ്ടൂർ, കുറ്റിപ്പുറം, അരീക്കോട്, കൊണ്ടോട്ടി താലൂക്ക് ആശുപത്രികളിലും മറ്റ് 11 സർക്കാർ ആശുപത്രികളിലും ആയുഷിന് കീഴിലുള്ള നാല് ആശുപത്രികൾ, 82 സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി 421 വാർഡുകളിലായി 869 ബെഡുകളോടെയുള്ള സൗകര്യങ്ങളും 21 വെന്റിലേറ്റർ സംവിധാനങ്ങളും സജ്ജമാണ്. ഈ കേന്ദ്രങ്ങളിൽ 137 ഡോക്ടർമാർ, 157 സ്റ്റാഫ് നഴ്സ്, 102 നഴ്സിങ് അസിസ്റ്റന്റുമാർ, 112 ഫാർമസിസ്റ്റുകൾ എന്നിവരുടെ സേവനവും നിലവിൽ ഉറപ്പാക്കിയിട്ടുണ്ട്.






