വ്യാജ പെര്‍മിറ്റ് നിര്‍മിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയെന്ന് സൗദി പ്രോസിക്യൂഷന്‍

റിയാദ് - വ്യാജ കര്‍ഫ്യൂ പെര്‍മിറ്റ് നിര്‍മിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
വ്യാജ പെര്‍മിറ്റുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വ്യാജ പെര്‍മിറ്റ് വില്‍പനയിലൂടെ സമ്പാദിക്കുന്ന പണവും കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ കുറ്റക്കാരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള ശിക്ഷയും പരസ്യപ്പെടുത്താനും നിയമം അനുവദിക്കുന്നുണ്ട്.
കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ മുന്‍കരുതലുകള്‍ മുതലെടുത്ത് കര്‍ഫ്യൂ പെര്‍മിറ്റ് നിര്‍മിക്കുന്നതും പെര്‍മിറ്റുകളിലെ വിവരങ്ങള്‍ തിരുത്തുന്നതും കടുത്ത ശിക്ഷാ നടപടികള്‍ വിളിച്ചുവരുത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.
നാലംഗ വ്യാജ പെര്‍മിറ്റ് നിര്‍മാണ സംഘത്തെ കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു സൗദി പൗരന്മാരും രണ്ടു ഈജിപ്തുകാരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. ഈ പശ്ചാത്തലത്തിലാണ് വ്യാജ പെര്‍മിറ്റ് നിര്‍മാണത്തിനും പെര്‍മിറ്റുകളിലെ വിവരങ്ങള്‍ തിരുത്തുന്നതിനും എതിരെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

 

Latest News