Sorry, you need to enable JavaScript to visit this website.

മാസ്‌ക് ധരിച്ച് ചടങ്ങുകള്‍,പാവപ്പെട്ട 500 പേര്‍ക്ക് രണ്ട് ദിവസത്തേക്ക് ഭക്ഷണം; മാതൃകയാക്കാം കൊറോണക്കാലത്തെ വിവാഹം


കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന പല ആഘോഷങ്ങളും ചടങ്ങുകളും ആളുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ആളും ആരവവും ഇല്ലാതെ എന്താഘോഷമെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ പശ്ചിമബംഗാളില്‍ ഇന്നലെ ഒരു വിവാഹം നടന്നു. ഏറ്റവും കുറച്ചാളുകളും മാസ്‌കും ധരിച്ച് നടന്ന വിവാഹം വളരെ ലളിതമായിരുന്നു.
ഫാസ്ഫുഡ് ഹോട്ടലിന്റെ ഉടമയായ സൗരവ് നാഥ് കുമാറും സ്വാതി നാഥും തമ്മിലുള്ള വിവാഹമായിരുന്നു ഈ കൊറോണ കാലത്ത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ചടങ്ങായി പരിണമിച്ചത്. ഇരുവരുടെയും കുടുംബങ്ങളെയും സുഹൃത്തുക്കളും ഉള്‍പ്പെടെ വെറും 15 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കുകൊണ്ടത്. ലോക്ക്ഡൗണായതിനാല്‍ വധുവിന്റെ മാതാവിന് പോലും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്താനായില്ല. വാഹനസൗകര്യം ലോക്ക്ഡൗണില്‍ ലഭ്യമല്ലാത്തതിനാലായിരുന്നു അവര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയ പുരോഹിതനും വധുവും വരനും മാസ്‌ക് ധരിച്ചിരുന്നു.

ചില സുഹൃത്തുക്കള്‍ മാസ്‌ക് ധരിക്കാതെയായിരുന്നു എത്തിയിരുന്നത്. എന്നാല്‍ ഇവരെയും നിര്‍ബന്ധിച്ച് മാസ്‌ക് ധരിപ്പിച്ച ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൂടാതെ തന്റെ വിവാഹത്തിന് ചിലവിടാനായി മാറ്റിവെച്ചിരുന്ന 31,000 രൂപയും അവര്‍ പ്രാദേശിക ക്ലബിനെ ഏല്‍പ്പിച്ചു. പാവപ്പെട്ട അഞ്ഞൂറ് പേര്‍ക്ക് രണ്ട് ദിവസം ഭക്ഷണം നല്‍കാനായാണ് ഈ തുക ക്ലബിനെ ഏല്‍പ്പിച്ചത്. പ്രദേശത്ത് കൊറോണ ലോക്ക്ഡൗണ്‍ മുതല്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്നത് ഈ ക്ലബാണ്. തങ്ങളുടെ വിവാഹ ദിനത്തില്‍ നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് വരനും വധുവും. നേരത്തെ മാര്‍ച്ച് 13നായിരുന്നു വിവാഹ തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് സൗരവിന്റെ മാതാവിന് അസുഖമായതിനാലാണ് വിവാഹം മാറ്റിവെച്ചത്.ഇതേതുടര്‍ന്ന് വധു അവരുടെ ആന്റിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.
 

Latest News