മലപ്പുറം- പടപ്പറമ്പ് പരവക്കലിൽ ദിവസങ്ങൾക്ക് മുമ്പ് പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാട്ടുകാരനായ യുവാവിനെ പ്രേരണാ കുറ്റത്തിന് പോക്‌സോ നിയമപ്രകാരം കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. പരവക്കൽ അമ്പലംപടി മണ്ണാർത്തൊടി വീട്ടിൽ സുധീഷിനെ (24)യാണ് കൊളത്തൂർ സി.ഐ പി.എം.ഷമീർ അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടിയുമായി അറസ്റ്റിലായ യുവാവ് അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏഴാം തീയതി വൈകിട്ട് പടപ്പറമ്പ് തോണിക്കല്ല് എന്ന സ്ഥലത്തുള്ള കുട്ടിയുടെ അമ്മയുടെ മൂത്ത സഹോദരിയുടെ വീട്ടിൽ വെച്ചാണ് വിദ്യാർഥിനി മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചതിനാൽ മാർച്ച് 23 മുതൽ വല്യമ്മയുടെ വീട്ടിലായിരുന്നു കുട്ടി നിന്നിരുന്നത്.
മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം നടത്തിയ പോസ്റ്റുമാർട്ടത്തിലും മരണത്തിൽ അസ്വാഭാവികതയുള്ളതായി കണ്ടെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചു. ഇയാൾ മൂന്നു മാസത്തിലേറെയായി കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം രാത്രികളിൽ കുട്ടിയെ വല്യമ്മയുടെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം ഫോണിൽ വിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയാറായില്ല. ഇതിന്റെ പേരിൽ കുട്ടിയെ പിറ്റേന്ന് ഫോണിൽ വിളിച്ച് ശകാരിക്കുകയും ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറയുകയും ചെയ്തു. ഇതേ തുടർന്ന് കടുത്ത മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിനും പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സി.ഐയെ കൂടാതെ എസ്.ഐ റെജിമോൻ, ഓഫീസർമാരായ ഷറഫുദ്ദീൻ, സൗമ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സുധീഷിനെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.






