Sorry, you need to enable JavaScript to visit this website.

നവംബറോടെ കൊറോണയുടെ രണ്ടാം  തരംഗം ചൈനയില്‍  ഉണ്ടാകുമെന്ന് മുന്നറിയിപ്പ് 

ബെയ്ജിംഗ് - ചൈനയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ വരുന്ന നവംബറോടെ കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഷാങ്ഹായിലെ കോവിഡ് ക്ലിനിക്കല്‍ വിദഗ്ധനായ ഴാങ് വെനോങ് ആണ് മുന്നറിയിയിപ്പുമായി രംഗത്ത് വന്നത്.
കോവിഡ് വ്യാപനത്തിനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ചൈനയിലെ ജീവിതം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് പുതിയ മുന്നറിയിപ്പ്. ഒക്ടോബര്‍ മാസത്തിനുള്ളില്‍ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ ശൈത്യകാലത്തോടെ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് ഴാങ് വെനോങ് മുന്നറിയിപ്പ് നല്‍കുന്നത്.
രോഗവ്യാപനം തടയുന്നതിനുള്ള ചൈനയുടെ അനുഭവ പരിചയം കൊണ്ട് രോഗവ്യാപനം വീണ്ടും നേരിടാനാകുമെന്ന് വ്യക്തമാണ്.' എന്നാല്‍ വൈറസിന്റെ ആദ്യഘട്ട വ്യാപന സമയത്ത് സ്വീകരിച്ച തരത്തിലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ തിരികെ ചലനാത്മകമാക്കുന്നതിനായി ചൈനീസ് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഴാങ് വെനോങ് വൈറസിന്റെ രണ്ടാം തരംഗം പ്രവചിച്ചിരിക്കുന്നത്. ചൈനീസ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 82,341 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അവരില്‍ 3,342 പേര്‍ മരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനില്‍ അടക്കം രോഗത്തെ പിടിച്ചുകെട്ടിയെങ്കിലും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ചൈനീസ് പൗരന്മാരില്‍ കൂടി രോഗം രാജ്യത്ത് വ്യാപിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലവില്‍ വിവിധ രാജ്യങ്ങള്‍ സമ്പദ്വ്യവസ്ഥയെ ഉണര്‍ത്താനായി നിയന്ത്രണങ്ങളില്‍ ചില സമയങ്ങളില്‍ ഇളവ് വരുത്താറുണ്ട്. ഇത്തരം നടപടികള്‍ കൊണ്ട് രോഗവ്യാപനത്തിനെ തടയാന്‍ സാധിക്കില്ലെന്നാണ് ഴാങ് പറയുന്നത്. രോഗം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയാലും എല്ലാ രാജ്യങ്ങളും അതിനെ നിയന്ത്രിച്ചാല്‍ മാത്രമേ എല്ലാവര്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കൂ. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം, രോഗികളുടെ സമ്പര്‍ക്കരീതികള്‍ കണ്ടെത്തണം, ഇതിനൊപ്പം രോഗബാധ തിരിച്ചറിഞ്ഞവരെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കണം -ഇവയാണ് രോഗവ്യാപനത്തെ വരുതിയില്‍ നിര്‍ത്താനുള്ള രഹസ്യങ്ങളെന്നാണ് ഴാങ് പറയുന്നത്.


 

Latest News