ന്യൂദല്‍ഹി- മുംബൈ ബാന്ദ്രയില്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി സംഘടിച്ചെത്തിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന്് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശിവസേന ആരോപിച്ചു. വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. സത്യം മറനീക്കി പുറത്തുവരും.
കൊറോണ വൈറസ് പ്രതിസന്ധിയെ അവസരമായി കണ്ട് പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. തരംതാഴ്ന്ന നിലയിലേക്ക് അവര്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട് ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകള്‍ ബാന്ദ്ര സ്‌റ്റേഷനില്‍നിന്ന് മാത്രമല്ല യാത്ര തിരിക്കുന്നത്. ലോകമാന്യതിലക്, മുംബൈ സെന്‍ട്രല്‍, ഛത്രപതിശിവജി മഹാരാജ ടെര്‍മിനസ് എന്നിവടങ്ങളില്‍ നിന്നും സര്‍വീസുകളുണ്ട്. എന്നാല്‍ ആള്‍ക്കാര്‍ കൂട്ടത്തോടെ എത്തിയത് ഒരു സ്റ്റേഷനില്‍ മാത്രമാണ്. കൂടാതെ ഗുജറാത്തിലെ സൂറത്തിലുണ്ടായ സമാനമായ സാഹചര്യത്തെ എല്ലാ ടെലിവിഷന്‍ ചാനലുകളും അവഗണിച്ചു എന്നും സാമ്‌ന ആരോപിക്കുന്നു.