ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 12,759 ആയി; മരണം 420

ന്യൂദൽഹി- ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12,759 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 941 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച 28 പേര്‍കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് 19 മരണങ്ങള്‍ 420 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയാണ് രോഗം ഏറ്റവും കൂടുതല്‍ പിടികൂടിയ സംസ്ഥാനം. 2919 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 187 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളും 286 പോസിറ്റീവ് കേസുകളുമാണ്  റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലെ ധാരാവിയാണ് സംസ്ഥാനത്തെ പുതിയ കോവിഡ് ഹോട്ട്സ്പോട്ട്. 26 പേര്‍ക്കാണ് ഇന്ന് ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 

ദല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1578 പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. 32 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട് (രോഗികള്‍ 1242, മരണം 14) , രാജസ്ഥാന്‍ (രോഗികള്‍ 1023, മരണം 3), ഉത്തര്‍പ്രദേശ് (രോഗികള്‍ 773, മരണം 11), തെലങ്കാന(രോഗികള്‍ 647, മരണം 18),  ജമ്മു കശ്മീര്‍ (രോഗികള്‍ 300, മരണം 4), പശ്ചിമബംഗാള്‍ (രോഗികള്‍ 231, മരണം 7), ഹരിയാന (രോഗികള്‍ 205, മരണം 3) എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍.

Latest News