ടെഹ്‌റാന്‍- ഇറാനിലെ കൊറോണ മരണ സംഖ്യ 4869 ആയി ഉയര്‍ന്നു. യഥാര്‍ഥ മരണസംഖ്യ ഇതിലും ഉയര്‍ന്നതാവാമെന്ന് പാര്‍ലമെന്ററി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറസ് ബാധ വ്യാപിച്ചേക്കാമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
വ്യാഴാഴ്ച 92 പേര്‍ കൂടി ഇറാനില്‍ മരിച്ചു. പോസിറ്റീവ് കേസുകള്‍ 77,995 ആണ്. ഔദ്യോഗിക കണക്കുകളെക്കാള്‍ ഇരട്ടി വരെ യഥാര്‍ഥ സംഖ്യ വന്നേക്കാമെന്നാണ് ഇറാനിയന്‍ പാര്‍ലമെന്റ് റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട്. ആശുപത്രികളിലെ മരണത്തിന്റെ കണക്ക് മാത്രം വെച്ചാണ് ഔദ്യോഗിക കണക്കുകള്‍ തയാറാക്കുന്നതെന്നും മറ്റുള്ളവ പരിഗണിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ലബോറട്ടറികളുടെ എണ്ണം കൂട്ടുകയും പരിശോധന കൂടുതല്‍ വ്യാപകമാക്കുകയും ചെയ്താലേ യഥാര്‍ഥ കണക്കുകള്‍ കൃത്യമായി ലഭിക്കുകയുള്ളു എന്നും സെന്റര്‍ ചൂണ്ടിക്കാണിച്ചു.