ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ ഹോട്ട്‌സ്‌പോട്ട് ജില്ലകള്‍ നിശ്ചയിച്ചതില്‍ പാകപ്പിഴയുണ്ടെന്നും ഇത് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട്‌സ്‌പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. എന്നാല്‍ ഇതില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം കേരളത്തിലെ രോഗബാധിത പ്രദേശങ്ങളെ സ്വന്തം നിലയില്‍ തരം തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളെ റെഡ് സോണുകളായും, വയനാട്, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണായും, മറ്റു ജില്ലകളെ ഓറഞ്ച് സോണായുമാണ് സംസ്ഥാന സര്‍ക്കാര്‍ തരംതിരിച്ചത്. ഈ നിര്‍ദേശം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ മാറ്റാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ കേന്ദ്രത്തോട് ആവശ്യപ്പെടാമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. വേണമെങ്കില്‍ കേരളത്തിന് ഹോട്ട്‌സ്‌പോട്ട് ജില്ലകളെ വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ചതെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
രാജ്യത്ത് രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുള്ള 170 ജില്ലകളാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ഹോട്‌സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ ആറു ജില്ലകളാണ് ഹോട്സ്പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചത്. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഇവ.






