തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കോഴിക്കോട് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കും കണ്ണൂരില്‍ നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര് വിദേശത്ത് നിന്ന് വന്നവരും ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കവുമാണ് രോഗകാരണം. അതേസമയം ഇന്ന് മാത്രം 27 പേര്‍ക്ക് വൈറസ് പരിശോധനാഫലം നെഗറ്റീവായി.
കേരളത്തില്‍ ആകെ 394 പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്. 147 പേര് മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.88,855 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിശോധനക്ക് അയച്ച 17400 പേരുടെ സാമ്പിളുകളില്‍ 16459 പേരുടെ ഫലം നെഗറ്റീവായിരുന്നു. കേരളത്തില്‍ കൊറോണ കേസുകള്‍ കുറയാന്‍ കാരണം ഊര്‍ജ്ജിതമായ പ്രതിരോധപ്രവര്ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രത്യേക വിമാനം കഴിഞ്ഞ ദിവസം കൊച്ചി,തിരുവനന്തപുരം എയര്‍പോര്‍ട്ടുകളില്‍ നിന്ന് 268 പേരുമായി ബ്രിട്ടണിലേക്ക് പോയിട്ടുണ്ട്. ഇവരില്‍ ഏഴ് വിദേശ പൗരന്മാര്ക്ക് കൊറോണ ഭേദമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണില്‍ കേന്ദ്രം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.






