ന്യൂയോര്‍ക്ക്- കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് വിവരങ്ങള്‍ വ്യക്തമാക്കാന്‍ ചൈനയുടെമേൽ സമ്മർദ്ദം ചെലുത്തി അമേരിക്ക. മഹാമാരിയുടെ ഉത്ഭവം എവിടെ നിന്നാണെന്നത് നിർണ്ണയിക്കാൻ തന്റെ ഭരണകൂടം ശ്രമിക്കുകയാണെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വുഹാനിലെ ലാബില്‍നിന്നാണ് ലോകത്തെ പിടിച്ചുലച്ച വൈറസ് പുറത്തുകടന്നതെന്ന ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി, ചൈനീസ് പ്രസിഡന്റുമായി ഇക്കാര്യം സംസാരിച്ചിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ 'ലബോറട്ടറിയെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചത് എന്തെന്ന് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് ഇപ്പോൾ അനുചിതമാണ്.' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, വൈറസ് സംബന്ധിച്ച് 'അറിയാവുന്ന കാര്യങ്ങളിൽ വ്യക്തത വരുത്താന്‍' സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബീജിംഗിനോട് ആവശ്യപ്പെട്ടു. 'നിര്‍ണായകമായ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ അമേരിക്കക്കാരെ അന്വേഷണത്തിനായി ചൈന അനുവദിച്ചില്ല. അവര്‍ക്ക് ഇങ്ങനെയൊരു ലാബ് ഉണ്ടെന്ന് അറിയാം. വെറ്റ് മാര്‍ക്കറ്റിനെ കുറിച്ചറിയാം. വൈറസ് ഉത്ഭവിച്ചത് വുഹാനിലാണെന്ന് അറിയാം. ഇതെല്ലാം ഒത്തുചേരുന്നുണ്ട്. എന്നാല്‍ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഇനിയുമുണ്ട്. അതിനുളള ഉത്തരം കണ്ടെത്തണ്ടതുണ്ട്.' സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലബോറട്ടറിയാണെന്ന ആരോപണത്തെക്കുറിച്ച് യുഎസ് സർക്കാർ അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ വിഭാഗവും ചേർന്നാണ് ഇത്തരമൊരു അന്വേഷണം നടത്തുന്നത്.
അതേസമയം വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ട്രംപ് ആഭ്യന്തര പ്രതിഷേധങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്ത് എത്തുന്നത് എന്ന് വിമര്‍ശനമുണ്ട്.