ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവ് തേടി കേരളം; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും

തിരുവനന്തപുരം- കൊറോണ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ തേടി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഏപ്രില്‍ 20 ന് ശേഷം നിരവധി മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് കൂടി ഇളവ് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറന്നുപ്രവര്‍ത്തിക്കണം.

അതേസമയം ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കില്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതി നേടിയ എറണാകുളം,പത്തനംതിട്ട,കൊല്ലം ജില്ലകള്‍ക്ക് ഏപ്രില്‍ 24ന് ശേഷം ഭാഗികമായി ഇളവ് വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തെ മൂന്ന് സോണലുകളായി തിരിക്കാന്‍ അനുവാദം വേണമെന്നും സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങളിലുണ്ട്. ആലപ്പുഴ,തിരുവനന്തപുരം,പാലക്കാട്,വയനാട് ജില്ലകള്‍ക്ക് ഭാഗികമായി ജനജീവിതം  അനുവദിക്കണം. കോട്ടയം ,ഇടുക്കി ജില്ലകള്‍ക്ക് പൂര്‍ണ ഇളവ് നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 

Latest News