കപ്പലില്‍ കുടുങ്ങിയ 28 റോഹിംഗ്യന്‍ അഭയര്‍ഥികള്‍ വിശന്നു മരിച്ചു; 382 പേരെ രക്ഷപ്പെടുത്തി

ബംഗ്ലാദേശ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയ അഭയാർഥികള്‍.

ധാക്ക- രണ്ടു മാസമായി കടലില്‍ നങ്കൂരമിട്ട കപ്പലില്‍ 28 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഭക്ഷണം കിട്ടാതെ മരിച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ നങ്കുരമിട്ടിരുന്ന കപ്പലിലാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചത്. മ്യാന്‍മറില്‍നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടവരാണ് മരിച്ചത്. കോവിഡ് ഭീഷണിയെ തുടര്‍ന്ന് മലേഷ്യയിലേക്ക് പോകാന്‍ സാധിക്കാതെ കപ്പല്‍ ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ രണ്ട് മാസമായി നങ്കുരമിട്ടിരിക്കുകയായിരുന്നു.

വിശന്ന് തളര്‍ന്ന 382 പേരെ ബംഗ്ലാദേശ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കപ്പലില്‍ 400ലേറെ യാത്രക്കാരുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് തീര സംരക്ഷണ സേന അറിയിച്ചു. വിശന്ന് തളര്‍ന്ന് ഇവര്‍ എഴുന്നേറ്റ് നില്‍ക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

ഇവരെ മ്യാന്‍മറിലേക്ക് തിരികെ അയക്കുവാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. വിശപ്പ് അസഹനീയമായ പല ഘട്ടത്തിലും ആളുകള്‍ തമ്മില്‍ പരസ്പരം വഴക്കുണ്ടായ സാഹചര്യമുണ്ടായിരുന്നുവെന്നും രക്ഷപെട്ട യാത്രക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News