കോഴിക്കോട്- ദുരിതാശ്വാസ ഫണ്ട് വകമാറ്റുന്നുവെന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി വീണ്ടും രംഗത്ത്. പണം കൊടുത്തവർക്ക് അത് എന്ത് ചെയ്തുവെന്ന് ചോദിക്കാനും അവകാശമുണ്ടെന്ന് ഷാജി പറഞ്ഞു. തന്നെ ചോദ്യം ചെയ്യരുത് എന്നാണ് പിണറായിയുടെ നിലപാട്. ലീഗ് പണം നൽകിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എങ്കിൽ പിന്നെ ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ഷാജി ചോദിച്ചു. പിണറായി മഴുവെറിഞ്ഞ് സൃഷ്ടിച്ചതല്ല കേരളമെന്നും ഷാജി പറഞ്ഞു. പണം ഇങ്ങോട്ട് തന്നാൽ മതി, അതിനെ പറ്റി ചോദിക്കരുത് എന്നാണോ മുഖ്യമന്ത്രിയുടെ നിലപാട്.കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഷാജി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. ഇതിന് മറുപടിയുമായാണ് ഷാജി വീണ്ടും രംഗത്തെത്തിയത്.
ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രം സർക്കാറിനുണ്ട്. ദുരിതാശ്വാസനിധിയിൽനിന്ന് ഒരു ഇടതുപക്ഷ എം.എൽ.എക്കും സി.പി.എം നേതാവിനും ബാങ്കിലും കടം തീർക്കാൻ പണം നൽകി. ഗ്രാമീണ റോഡ് നന്നാക്കാൻ ദുരിതാശ്വാസ നിധിയിൽനിന്ന് ആയിരം കോടി രൂപ നൽകി. രണ്ടു കോടി രൂപയാണ് ഷുഹൈബിന്റെയും ശുക്കൂറിന്റെയും കേസ് വാദിക്കാൻ അഡ്വ. രജത് കുമാറിന് നൽകിയത്. ഈ പണ നൽകിയത് എവിടെനിന്നാണെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് നൽകിയതല്ല.
കോവിഡ് കാലത്ത് ആരും രാഷ്ട്രീയം നിരോധിച്ചിട്ടില്ല. അവസാനശ്വാസം വരെ പൊരുതും. ഇവിടെ ജനാധിപത്യസംവിധാനമാണെന്നും ഷാജി പറഞ്ഞു. എട്ടായിരം കോടി രൂപ പ്രളയഫണ്ടിലേക്ക് ലഭിച്ചിരുന്നു. ഇതിൽ 2000 കോടിയാണ് ചെലവിട്ടത്. അയ്യായിരം കോടിയിലധികം ഇപ്പോഴും പ്രളയഫണ്ടിലുണ്ട്. പ്രളയം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും ഈ തുക ചെലവാക്കിയിട്ടില്ല. കാക്കനാട്ടെ സഖാവ് പണം അടിച്ചുമാറ്റുമ്പോൾ ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം ലഭിക്കാതെ വയനാട്ടിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നും ഷാജി ആരോപിച്ചു.