കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലക്ക് 4700 കോടി റിയാല്‍ കൂടി അനുവദിച്ച് സൗദി

റിയാദ് - കോവിഡ് വ്യാപനം തടയുന്നതിന് സൗദിക്കകത്തു നിന്നും വിദേശത്തു നിന്നും മെഡിക്കല്‍ ജീവനക്കാരെ ലഭ്യമാക്കുന്നതിനായി ആരോഗ്യ മേഖലക്ക് 4,700 കോടി റിയാല്‍ അധികം അനുവദിച്ചതായി ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.  ആരോഗ്യ മേഖല കൂടുതല്‍ സജ്ജമാക്കാനും  വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ലാബ് പരിശോധനാ വസ്തുക്കളും വാങ്ങുന്നതിന് കൂടുതല്‍ തുക ചെലവഴിക്കും.  

കൊറോണ വ്യാപനം സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സൃഷ്ടിച്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ട് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ അടക്കം കൊറോണ വ്യാപനം ഏറ്റുമധികം പ്രതികൂലമായി ബാധിച്ച സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് 7,000 കോടിയിലേറെ റിയാലിന്റെ ഉത്തേജക പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫീസിളവുകള്‍, സര്‍ക്കാര്‍ ഫീസുകളുടെ അടവ് നീട്ടിവെക്കല്‍ അടക്കമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതനത്തിന്റെ 60 ശതമാനം വഹിക്കുന്ന പദ്ധതിയും ഇതില്‍ പെടും. ഈ പദ്ധതിക്ക് 900 കോടി റിയാലാണ് നീക്കിവെച്ചിരിക്കുന്നത്. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും 5,000 കോടി റിയാലിന്റെ ഉത്തേജക പദ്ധതി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയും പ്രഖ്യാപിച്ചിരുന്നു.
ഇവക്കു പുറമെയാണ് പുതിയ സഹായ, ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകളേറ്റെടുത്ത കമ്പനികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കല്‍ വേഗത്തിലാക്കുന്നതിന് 5,000 കോടി റിയാല്‍ നീക്കിവെച്ചിട്ടുണ്ട്. വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലാ ഉപയോക്താക്കളുടെ വൈദ്യുതി ബില്ലുകളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ 30 ശതമാനം ഇളവ് നല്‍കും. ആവശ്യമെങ്കില്‍ വൈദ്യുതി ബില്‍ ഇളവ് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബില്ലുകളുടെ 50 ശതമാനം മാത്രം അടക്കുന്നതിന് വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുകയും ചെയ്യും. ഈ മാസങ്ങളിലെ ബില്‍തുകയില്‍ ശേഷിക്കുന്ന കുടിശ്ശിക 2021 ജനുവരി മുതല്‍ ആറു മാസക്കാലം തവണകളായി ഈടാക്കും. ആവശ്യമെങ്കില്‍ ബില്‍തുക കുടിശ്ശിക തിരിച്ചടവ് കൂടുതല്‍ കാലത്തേക്ക് നീട്ടിവെക്കാനും സാധ്യതയുണ്ട്.
കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജോലി ചെയ്യാന്‍ സാധിക്കാതെയായ, ഒരു കമ്പനിയുടെയും കുടക്കീഴിലല്ലാതെ, പൊതുഗതാഗത അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മിനിമം വേതനം വിതരണം ചെയ്യും. പ്രാദേശിക വിപണിയില്‍ സാമ്പത്തിക ചലനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രാദേശിക സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിന് സര്‍ക്കാറിന് 51 ശതമാനത്തില്‍ കൂടുതല്‍ മൂലധന നിക്ഷേപമുള്ള കമ്പനികളെ നിര്‍ബന്ധിക്കാന്‍ നേരത്തെ കൈക്കൊണ്ട മന്ത്രിസഭാ തീരുമാനം വേഗത്തില്‍ നടപ്പാക്കാനും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News