Sorry, you need to enable JavaScript to visit this website.

സാമൂഹിക അകലം പാലിക്കാനാകില്ല, പൂരം ഉപേക്ഷിക്കാതെ വേറെ മാർഗമില്ല

തൃശൂർ- കോവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കണമെന്ന കർശന നിബന്ധന ഒരു തരത്തിലും പാലിക്കാനാകില്ലെന്നതിനാലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ പ്രധാനമായും തീരുമാനിച്ചത്. ഒരാനപ്പുറത്തുള്ള ചടങ്ങ് പോലും വേണ്ടെന്ന് വെക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് ദേവസ്വങ്ങളും സർക്കാരും എത്തിയതും ഇതേ കാരണം കൊണ്ടു തന്നെ. 
ലോക്ഡൗൺ 14 ന് അവസാനിക്കുകയാണെങ്കിൽ തൃശൂർ പൂരം നടത്തിപ്പിന് എന്തെങ്കിലും വഴി തെളിയുമെന്നായിരുന്നു പൂരപ്രേമികളുടെ പ്രതീക്ഷ. എന്നാൽ ലോക്ഡൗൺ മെയ് മൂന്നുവരെ നീട്ടിയ പ്രഖ്യാപനം വന്നതോടെ പൂരം നടത്തുക അസാധ്യമെന്ന്് ഉറപ്പായി. 

 


നാല് പതിറ്റാണ്ടിനിപ്പുറം തൃശൂർ പൂരം ചടങ്ങിലൊതുങ്ങും


പൂരപ്പന്തൽ കാൽനാട്ടൽ മുതൽ കൊടിയേറ്റത്തിൽ തുടങ്ങി സാമ്പിളും ചമയപ്രദർശനവും ഉൾപ്പെടെ തൃശൂർ പൂരത്തിലൊരിടത്തും സാമൂഹിക അകലം പാലിക്കുക നടക്കില്ലെന്നുറപ്പായിരുന്നു. ചടങ്ങായി നടത്തിയാൽ പോലും അത് കാണാൻ വൻ ജനക്കൂട്ടമെത്തുമെന്നായിരുന്നു വിവിധ ഏജൻസികൾ നൽകിയ വിവരം. പോലീസിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും അതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും പൂരം ഉപേക്ഷിക്കാനും ക്ഷേത്രങ്ങൾക്കകത്തെ താന്ത്രിക ചടങ്ങുകൾ മാത്രമാക്കാനും കാരണമായി. ക്ഷേത്ര മതിൽക്കെട്ട് വിട്ട് പൂരം ഇത്തവണ പുറത്തുപോകില്ലെന്നുറപ്പായതോടെ പൂരപ്രേമികൾക്ക് നിരാശയുണ്ടെങ്കിലും കോവിഡ് പ്രതിരോധത്തിനായി വേദനയോടെ തൃശൂർ പൂരം ഉപേക്ഷിക്കുകയാണെന്ന് അവർ പറയുന്നു.
മഹാത്മാഗാന്ധി കൊല്ലപ്പെട്ട വർഷവും ചൈനീസ് യുദ്ധങ്ങളുടെ സമയത്തുമടക്കം നാലുതവണ ഒരാനപ്പുറത്ത് ചടങ്ങ് മാത്രമായി തൃശൂർ പൂരം നടത്തിയിട്ടുണ്ടെങ്കിലും ഒരാന പോലുമില്ലാതെ പൂർണമായും ക്ഷേത്രമതിൽക്കെട്ടിനകത്ത് തൃശൂർ പൂരം നടത്തുന്നത് ഇതാദ്യമായിട്ടാണെന്നാണ് പഴമക്കാർ പറയുന്നത്. 

Latest News