Sorry, you need to enable JavaScript to visit this website.

ബ്ലൂ വെയ്ല്‍ സ്വാധീനത്തില്‍ പെണ്‍കുട്ടി തടാകത്തില്‍ ചാടി; ആത്മഹത്യ ശ്രമം അമ്മ കൊല്ലപ്പെടുമെന്ന ഭീഷണിയെ തുടര്‍ന്ന് 

ജോധ്പൂര്‍- നിരവധി കൗമാരക്കാരുടെ ജീവനെടുത്ത കൊലയാളി ഗെയിമായ ബ്ലൂ വെയ്ല്‍ കളിച്ച് തടാകത്തില്‍ ചാടിയ 17-കാരിയെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജോധപൂരിലാണ് സംഭവം. കയ്‌ലാന തടാകത്തിലേക്ക് പെണ്‍കുട്ടി എടുത്തു ചാടുന്നതിനിടെയാണ് പോലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് കായലിലേക്ക് എടുത്തു ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കയ്യില്‍ കത്തികൊണ്ട് തിമിംഗലത്തിന്റെ ചിത്രം കോറിയിട്ടിരുന്നു. ഇതോടെ പെണ്‍കുട്ടി കൊലയാളി ഗെയിമിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് സ്ഥീരീകരിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ബ്ലൂ വെയ്ല്‍ ഗെയിമിന്റെ അവസാന ഘട്ടത്തിലായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

അവസാന ടാസ്‌ക് ആയ ആത്മഹത്യ ചെയ്തില്ലെങ്കില്‍ അമ്മ കൊല്ലപ്പെടുമെന്നും കുടുംബത്തിന് എന്തെങ്കിലും ഹാനി സംഭവിക്കുമെന്നും അഡ്മിന്റെ മുന്നറിയിപ്പുണ്ടായിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഏതാനും നാളുകളായി മൊബൈലില്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചു വരികയായിരുന്നെന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി ബിഎസ്എഫ് ജവാനായ അച്ഛന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കയ്‌ലാന തടാകത്തില്‍ ഒരു പെണ്‍കുട്ടി ചാടിയെന്ന വിവരം ലഭിച്ചത്. തടാകത്തിനു സമീപം പെണ്‍കുട്ടിയുടെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവം കണ്ട മുങ്ങല്‍ വിദഗ്ധര്‍ തടാകത്തിലേക്ക് ചാടി രക്ഷപ്പെടുത്തിയെങ്കിലും വീണ്ടും വെള്ളത്തിലേക്ക് പെണ്‍കുട്ടി എടുത്തു ചാടുകയായിരുന്നു. ഒടുവില്‍ പോലീസും കൂടി ചേര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

സ്‌കൂട്ടര്‍ നിര്‍ത്തി തടാകത്തിനു സമീപം കുറച്ചു നേരം ചുറ്റിക്കറങ്ങിയ ശേഷം എടുത്തു ചാടുന്നത് കണ്ട പ്രദേശത്തുകാരന്‍ ഓംപ്രകാശാണ് ആദ്യം പെണ്‍കുട്ടിയെ രക്ഷിച്ചത്. കരക്കെത്തിച്ച ശേഷം വീണ്ടും വെള്ളത്തിലേക്ക് എടുത്തുചാടിയതായും ഓംപ്രകാശ് പറയുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ സംഭവം തന്റെ വീട്ടുകാരോട് പറയരുതെന്നും പെണ്‍കുട്ടി തന്നോട് ആവശ്യപ്പെട്ടതായി ഓംപ്രകാശ് പറഞ്ഞു.

Latest News