റിയാദ്- കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് വിദഗ്ധ ചൈനീസ് മെഡിക്കല്‍ സംഘം സൗദിയിലെത്തി. എട്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ് എത്തിയിരിക്കുന്നത്. കൊറോണ വൈറസ് പരിശോധന, ചികിത്സ, രോഗനിര്‍മാര്‍ജനം എന്നീ മേഖലകളില്‍ സൗദി ആശുപത്രികളുമായും വിദഗ്ധരുമായും ചൈനീസ് സംഘം തങ്ങളുടെ പരിചയസമ്പത്ത് പങ്കുവെക്കുകയും ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സൗദിയിലെ ചൈനീസ് എംബസിക്കും സൗദിയില്‍ കഴിയുന്ന ചൈനീസ് പ്രവാസികള്‍ക്കും രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച വിവരങ്ങളും ചൈനീസ് സംഘം നല്‍കും.
വെന്റിലേറ്ററുകളും മെഡിക്കല്‍ കണ്ണടകളും മാസ്‌കുകളും കൈയുറകളും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളും ടെസ്റ്റ് കിറ്റുകളും മറ്റും അടക്കം ടണ്‍ കണക്കിന് മെഡിക്കല്‍ സഹായങ്ങളും ചൈനീസ് സംഘം സൗദിയിലെത്തിച്ചിട്ടുണ്ട്. സൗദി അറേബ്യ അയച്ച സൗദിയയുടെ പ്രത്യേക വിമാനത്തിലാണ് സംഘം സൗദിയിലെത്തിയത്.
ചൈനയില്‍ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടയുടന്‍ സൗദി നേതാക്കള്‍ അനുശോചനവും പിന്തുണയും പ്രകടിപ്പിക്കുകയും പലതവണ മെഡിക്കല്‍ സഹായ വസ്തുക്കള്‍ ചൈനയിലേക്ക് അയക്കുകയും ചെയ്തിരുന്നെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു. സൗദി അറേബ്യ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് സൗദി അറേബ്യയെ ചൈന ശക്തമായി പിന്തുണക്കുകയും സാധ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യും.
ചൈനയും സൗദി അറേബ്യയും തന്ത്രപ്രധാന സഹകരണ പങ്കാളികളാണ്. രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് സൗദി അറേബ്യയുമായി ചൈന അടുത്ത സഹകരണം നിലനിര്‍ത്തുമെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. ചൈന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമുള്ള എട്ടു ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തെയാണ് ചൈന സൗദിയിലേക്ക് അയച്ചിരിക്കുന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനക്ക് അടിയന്തിര മെഡിക്കല്‍ സഹായങ്ങള്‍ നല്‍കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ചൈനീസ് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട സല്‍മാന്‍ രാജാവ് കൊറോണ നിര്‍മാര്‍ജന ശ്രമങ്ങളില്‍ ചൈനീസ് പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനെയും പരസ്പരം സഹകരിക്കുന്നതിനെയും കുറിച്ച് വിശകലനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ മെഡിക്കല്‍ സംഘത്തെ ചൈന സൗദിയിലേക്ക് അയച്ചത്. മറ്റു പലവികസിത പശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടപ്പോള്‍ കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതില്‍ ചൈന വിജയിച്ചത് ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.






