ഭക്ഷണമില്ല; മുര്‍ഷിദാബാദില്‍ ജനങ്ങള്‍ റോഡ് ഉപരോധിച്ചു

മുര്‍ഷിദാബാദ്- പശ്ചിമ ബംഗാളില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നൂറുകണക്കിനാളുകള്‍ റോഡ് ഉപരോധിച്ചു.
മുര്‍ഷിദാബാദിലാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ സംസ്ഥാന പാത ഉപരോധിച്ചത്. 20 ദിവസമായി ഭക്ഷണം ലഭിച്ചില്ലെന്നാണ് ആരോപണം. ഡോംകല്‍ മുനസിപ്പാലിറ്റി പ്രദേശത്ത് ഉപരോധം മൂന്ന് മണിക്കൂര്‍ നീണ്ടു.  സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് ഇവരില്‍ പലരും ഉപരോധത്തില്‍ പങ്കെടുത്തത്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ജാഫികുല്‍ ഇസ്ലാം പ്രക്ഷോഭകരോട് സംസാരിക്കുകയും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പിന്‍വാങ്ങിയത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് റേഷന്‍ കടയുടമകള്‍ ഭക്ഷ്യവിതരണം നടത്തിയിട്ടില്ലെന്ന് ഡോംകല്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സമ്മതിച്ചു. 1.57 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്, അവരില്‍ 69 ശതമാനം പേരും ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരാണ്. ഇവര്‍ക്ക് വിതരണം ചെയ്യുന്നതിനായി 42 ക്വിന്റല്‍ അരിയാണ്  ലഭിച്ചത്. കൂടുതല്‍ സ്റ്റോക്ക് ഉടന്‍ ലഭിക്കും. പ്രദേശിക റേഷന്‍ വ്യാപാരികള്‍ ആളുകള്‍ക്ക് അര്‍ഹതപ്പെട്ട അരി നല്‍കിയില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇവര്‍ക്കതിരെ കര്‍ശന നടപടിയെടുക്കും. ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനും പത്തുകിലോ അരിയും അഞ്ച് കിലോ ഉരുളക്കിഴങ്ങും നല്‍കും- അദ്ദേഹം പറഞ്ഞു.

 

Latest News