സ്പ്രിംഗ്ളർ ഇടപാടില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു-ബി.ജെ.പി

കോഴിക്കോട് - കോവിഡ് ഭീഷണിക്കിടെ ജനങ്ങളെ വിഡ്ഢികളാക്കി സർക്കാർ നടത്തുന്ന വൻ അഴിമതിയാണ് അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്‌ളറിന് രോഗികളുടെ വിവരങ്ങൾ കൈമാറ്റം ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യരംഗത്തെ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യരുതെന്ന് വ്യക്തമായ നിയമയുണ്ടായിരിക്കെ വിദേശ കമ്പനിക്ക് ഡാറ്റാ കൈമാറിയതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അമേരിക്കയിൽ ഡാറ്റാ വിവാദത്തിൽ പെടുകയും കേസിലാകുകയും ചെയ്ത കമ്പനിയാണ് സ്പ്രിംഗ്‌ളർ. സംശയത്തിന്റെ നിഴലിലുള്ള ഒരു കമ്പനിയെ ഇത്തരം കാര്യങ്ങൾ ഏൽപ്പിച്ചതിൽ ദുരൂഹതയുണ്ട്. സർക്കാരിനു കീഴിൽ രോഗികളെ കുറിച്ചുളള വിവരങ്ങൾ സൂക്ഷിക്കാൻ സംവിധാനമുണ്ട്. ആ സാഹചര്യത്തിലാണ് വഴിവിട്ട ഈ ഇടപാട്. ഈ ഇടപടിനെ കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. മരുന്നു കമ്പനികൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഡാറ്റാ കൈമാറ്റം ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ട്. രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് വില്പന നടത്തുന്നതിലൂടെ വൻ സാമ്പത്തിക നേട്ടം വിദേശ കമ്പനിക്ക് ഉണ്ടാകാം. അഴിമതി വ്യക്തമായിട്ടും വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി ഇതിനെ കാണുന്നത്. വ്യക്തമായ മറുപടി പോലും നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. 
സ്പ്രിംഗ്‌ളറിന്റെ വെബ് സൈറ്റിലേക്ക് വിവരങ്ങൾ ഇനി നൽകേണ്ടതില്ല എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇതിനോടകം വിവരങ്ങളെല്ലാം കമ്പനിയുടെ കൈകളിലെത്തിക്കഴിഞ്ഞു. ഗുരുതരമായ ഈ ഇടപാടിനു പിന്നിലുള്ള ഉദ്ദേശ്യത്തെക്കുറിച്ചും പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. അതിനാൽ അടിയന്തര അന്വേഷണം അനിവാര്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.


 

Latest News