Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കർഫ്യൂ ലംഘിച്ച മൂന്നംഗ സംഘത്തെ പിന്തുടർന്ന് പിടികൂടി

മക്ക - കർഫ്യൂ ലംഘിച്ച് അമിത വേഗത്തിൽ കാറിൽ സഞ്ചരിക്കുകയും കർഫ്യൂ നടപ്പാക്കുന്നതിന് സ്ഥാപിച്ച ചെക്ക് പോയന്റുകൾ മറികടക്കുകയും ചെയ്ത മൂന്നംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ചെക്ക് പോയന്റുകൾ മറികടന്ന സംഘത്തെ സുരക്ഷാ സൈനികർ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. സുരക്ഷാ സൈനികരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ കിഴക്കൻ മക്കയിലെ ശറായിഅ് അൽനഖ്ൽ മേൽപാലത്തിനു സമീപം വെച്ച് സംഘത്തിന്റെ കാർ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചിരുന്നു. 


അൽഅവാലി ഡിസ്ട്രിക്ടിൽ വെച്ചാണ് സംഘത്തിന്റെ കാർ സുരക്ഷാ സൈനികരുടെ ശ്രദ്ധയിൽ പെട്ടത്. നിർത്താനുള്ള സുരക്ഷാ ഭടന്മാരുടെ നിർദേശം അവഗണിച്ച് അമിത വേഗത്തിൽ കടന്നുകളഞ്ഞ സംഘം അറഫ റോഡ് വഴി മക്ക-അൽസൈൽ റോഡിലേക്ക് കയറി. നിർത്താനുള്ള നിർദേശം ആവർത്തിച്ച് നിരാകരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാറിനെ കുറിച്ച വിവരങ്ങൾ മുഴുവൻ ചെക്ക് പോയന്റുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും മറ്റും കൈമാറി. 


സുരക്ഷാ സൈനികർ പിന്തുടർന്നതോടെ ശറായിഅ് അൽനഖ്ൽ മേൽപാലത്തിനു സമീപം വെച്ച് സംഘത്തിന്റെ കാർ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ച് തകർന്നു. തുടർന്നാണ് സംഘത്തെ സുരക്ഷാ സൈനികർ പിടികൂടിയത്. അപകടത്തിൽ പരിക്കേറ്റ പ്രതികളെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ കിംഗ് ഫൈസൽ ആശുപത്രിയിലേക്ക് നീക്കി. സംഘത്തിന്റെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കുന്നതിന് കേസ് ഫയൽ അൽശറായിഅ് പോലീസ് സ്റ്റേഷന് കൈമാറി. 

Latest News