ആലുവ- കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ ദിലീപ് കുറ്റക്കാരനല്ല. കോടതി അവസാന തീരുമാനം എടുക്കുന്നത് വരെ ഇക്കാര്യത്തിൽ ദിലീപിനെ കുറ്റപ്പെടുത്താനില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ അന്വേഷണം വേണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്. പോലീസ് രൂപപ്പെടുത്തിയ കഥയിൽ വേട്ടയാടപ്പെട്ടതിന്റെ വേദന അനുഭവിച്ചയാളാണ് മുഖ്യമന്ത്രി. മഅദനിക്ക് നീതി ലഭിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനായിരുന്നു. അതിന് ശേഷമാണ് ജസ്റ്റീസ് വി.ആർ കൃഷ്ണയ്യർ അടക്കമുള്ളവർ രംഗത്തുവന്നത്. സ്ത്രീകളെ നേരിട്ട് മാനഭംഗപ്പെടുത്തിയ പണച്ചാക്കുകൾ രണ്ടാഴ്ച്ച കൊണ്ട് ജാമ്യത്തിലിറങ്ങി. എം.എൽ.എക്ക് വരെ ജാമ്യം. പാവപ്പെട്ട കലാകാരന് നീതിനിഷേധിക്കുന്നു. വ്യക്തിപരമായി ഇതിനോട് ഒരു യോജിപ്പുമില്ല. അദ്ദേഹത്തെ കുറ്റം പറയുന്നവർക്ക് അസൂയയാണ്. കേസിന്റെ കാര്യം ദിലീപുമായി സംസാരിച്ചിട്ടില്ല. ഒരു എം.എൽ.എ എന്ന നിലയിലല്ല അദ്ദേഹത്തെ കാണാൻ വന്നത്. ഒരു സാധാരണ മനുഷ്യനായിട്ടാണ്. ദിലീപുമായി 25 വർഷത്തെ ബന്ധമുള്ള ഒരാൾ എന്ന നിലയിലാണ് വന്നത്. എല്ലാവർക്കും തുല്യനീതി ലഭിക്കണമെന്നാണ് ആവശ്യം. നാട്ടിലെ നീതിന്യായ വ്യവസ്ഥയിൽ എല്ലാവർക്കും നീതി ലഭിക്കണം. ഇന്നല്ലെങ്കിൽ നാളെ നീതി ലഭിക്കും. അന്വേഷണത്തിൽ വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം അറിയില്ല. എൺപതു വയസുകാരിയായ അമ്മയുടെ സങ്കടം കാണാതിരിക്കാനാകില്ല. ആരെ പേടിച്ചിട്ടാണ് ദിലീപിന് പിന്തുണ കൊടുക്കാത്തത് എന്ന് മനസിലാകുന്നില്ല. നാട്ടുകാരുടെ കൂടി ആവശ്യപ്രകാരമാണ് ദിലീപിനെ കാണാൻ വന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.