കോവിഡിന്റെ പേരില്‍ മുസ്ലിം വിദ്വേഷം; അപലപിച്ച് യുവല്‍ ഹരാരി

ന്യൂദല്‍ഹി- കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്തം മുസ്ലിംകള്‍ക്കുമേല്‍ കെട്ടിവെക്കാനുള്ള നീക്കത്തെ അപലപിച്ച് പ്രശസ്ത ശാസ്ത്ര ലേഖകനും ദാര്‍ശനികനുമായ യുവല്‍ ഹരാരി. കോവിഡ് നേരിടുന്നതില്‍ ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളുടെ ശേഷിയില്ലായ്മ പോലെ തന്നെ ആശങ്കാ ജനകമാണ് രോഗത്തിന്റെ പേരില്‍ ഇന്ത്യയില്‍ തുടരുന്ന വിദ്വേഷ പ്രചാരണമെന്നും ഇന്ത്യാ ടുഡേ ലേഖകന്‍ രാഹുല്‍ കന്‍വാല്‍ നടത്തിയ അഭിമുഖത്തില്‍ യുവല്‍ ഹരാരി പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കേണ്ട സമയമല്ല ഇതെന്നും ഐക്യദാര്‍ഢ്യത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തീര്‍ത്തും ആശങ്കാജനകമയായ കഥകളാണ് ഇന്ത്യയില്‍നിന്ന്് കേള്‍ക്കുന്നത്. ചിലര്‍ പകര്‍ച്ചവ്യാധിയുടെ ഉത്തരവാദിത്തം ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ കെട്ടിവെക്കുന്നു. ബോധപൂര്‍വമായ ഭീകരവാദ നടപടിയായി പോലും ചിലര്‍ മുസ്ലിം ന്യൂനപക്ഷത്തെ കുറ്റപ്പെടുത്തുന്നു. ഇത് തീര്‍ത്തും അസംബന്ധമാണ്. വളരെയറേ അപകടകരവുമാണ്. കൂടുതല്‍ വിദ്വേഷമല്ല, ഐക്യദാര്‍ഢ്യമാണ് വേണ്ടത്. ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹമാണ് നമുക്ക് വേണ്ടത്- അദ്ദേഹം വ്യക്തമാക്കി.

ചരിത്രകാരനും ദാര്‍ശനികനുമായ യുവല്‍ ഹരാരിയുടെ പ്രശസ്ത ഗ്രന്ഥങ്ങളാണ് സേപീന്‍സ്: ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്, ബ്രീഫ് ഹിസറ്ററി ഓഫ് ടുമാറോ, 21 ലെസണ്‍സ് ഫോര്‍ 21 സെഞ്ച്വറി തുടങ്ങിയവ. ഇസ്രായിലില്‍ ജനിച്ചുവളര്‍ന്ന അക്കാദമിക് വിദഗ്ധനായ ഇദ്ദേഹം ചരിത്രത്തില്‍നിന്ന് ഫിലോസഫിയിലേക്ക് നീങ്ങുകയായിരുന്നു. 2019 ല്‍ ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗുമായി നടത്തിയ സംവാദം ഇന്റര്‍നെറ്റില്‍ സെലിബ്രിറ്റിയാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണം നടത്താറുള്ള ഹരാരി ആഗോള സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും മനുഷ്യവര്‍ഗമെന്ന നിലയില്‍ സേപീന്‍ഷിപ്പ് എന്ന പേരിലുള്ള അന്താരാഷ്ട്ര സംഘടനക്ക് രൂപം നല്‍കിയിട്ടുണ്ട്.

 

Latest News