അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുള്ള  സാമ്പത്തിക സഹായം  നിര്‍ത്തി

വാഷിംഗ്ടണ്‍-ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്ന് ആരോപിച്ചു ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ട്രംപ് ആരോപിച്ചു. ലോകാരോഗ്യസംഘടന ചൈനയ്‌ക്കൊപ്പം നില്‍ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിക്കുന്നത് അമേരിക്കയാണ്. 2019 ല്‍ 400 മില്യണ്‍ ഡോളറാണ് അമേരിക്ക ലോകാരോഗ്യസംഘടനയ്ക്ക് അനുവദിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി അമേരിക്ക അടച്ചതിനെ ഡബ്ല്യ.എച്ച്.ഒ എതിര്‍ത്തതിനെയും ട്രംപ് വിമര്‍ശിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് നിര്‍ത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ നടപടിക്കെതിരെ യുഎന്‍ രംഗത്തുവന്നു. വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാര്‍ഗങ്ങള്‍ തടയാനുള്ള സമയമല്ലെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
 

Latest News