ആംബുലന്‍സ് നിഷേധിച്ചു; സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു

ഇന്‍ഡോര്‍- ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇന്‍ഡോറിലാണ് സംഭവം. ബദ്വാലി ചൗക്കി സ്വദേശിയായ 55 കാരന്‍ പാണ്ഡുരവിനെ ആശുപത്രിയിലെത്തിക്കാനാണ് അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ രോഗിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് ലക്ഷണമായിട്ടും അധികൃതര്‍ ഗൗരവത്തിലെടുത്തില്ല.

എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ ആംബുലന്‍സ് അയക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് ആംബുലന്‍സിന് 300 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. മറ്റ് മാര്‍ഗമില്ലാതെ രോഗിയെ സ്‌കൂട്ടറില്‍ ഇരുത്തി  മഹാരാഹ യശ്വന്ത് റാവു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം, രോഗിയുടെ ബന്ധുക്കളുടെ ആരോപണം ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തള്ളി. തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയതിന് ശേഷം ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും യശ്വന്ത് റാവു ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചിരിന്നുവെന്നുമാണ് വിശദീകരണം. മരിച്ചയാളുടേയും ബന്ധുക്കളുടേയും സ്രവങ്ങള്‍ കോവിഡ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ആരോഗ്യ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണ് സംഭവത്തിലൂടെ വ്യക്തമായതെന്നും ബി.ജെ.പി ഭരണത്തില്‍ സംസ്ഥാനത്ത് എത്രപേര്‍ ഇങ്ങനെ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടാകുമെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.

 

 

 

 

Latest News