ജിദ്ദ - മൂന്നു ദിവസം മുമ്പ് ബഹ്‌റയിൽ നിന്ന് മുഖംമൂടി സംഘം രണ്ടു പെൺമക്കളെ തട്ടിക്കൊണ്ടുപോയി എന്ന പിതാവിന്റെ വാദം വ്യാജമെന്ന് സംശയം. പ്രാഥമികാന്വേഷണത്തിൽ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയായതായി തെളിഞ്ഞിട്ടില്ലെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് കേണൽ ആത്തി അൽഖുറശി പറഞ്ഞു. രണ്ടു പെൺമക്കളെ അജ്ഞാത സംഘം കാറിൽ തട്ടിക്കൊണ്ടുപോയതായി വെള്ളിയാഴ്ചയാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ മക്കളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിയ പിതാവ് മൂത്ത മകൾക്ക് ബുദ്ധിമാന്ദ്യമുള്ളതായി അറിയിക്കുകയും ഇത് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്തു. തുടർ നടപടികൾക്കായി ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പോലീസ് വക്താവ് അറിയിച്ചു.
അജ്ഞാത സംഘം മൂന്നു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ പെൺമക്കളെ ഇന്നലെ വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നെന്നാണ് പിതാവ് വാദിച്ചത്.. ഇരുവരെയും കാറിൽ നിന്ന് ഇറക്കി സംഘം രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയായി എന്ന പരാതിയിൽ ബഹ്‌റ പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരെയും ഇന്നലെ വീടിനു സമീപം സംഘം ഇറക്കിവിട്ടെന്ന് പിതാവ് വാദിക്കുകയും മക്കളെ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കുകയും ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ട് ഓൾഡ് ബഹ്‌റയിലെ വീടിനു മുന്നിൽ നിന്നാണ് പതിനാറും പതിനൊന്നും വീതം വയസ് പ്രായമുള്ള പെൺകുട്ടികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പിതാവിന്റെ പരാതി.. വീട് വൃത്തിയാക്കി മാലിന്യങ്ങൾ വീടിനു മുന്നിലെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുന്നതിന് പുറത്തിറങ്ങിയ സമയത്താണ് സമാഹിനെയും (16) അർയാമിനെയും (11) അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് പറഞ്ഞു. ഇവർ മാലിന്യം കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കാൻ പോകുന്നത് വീടിന്റെ ജനൽ വഴി മൂന്നാമത്തെ സഹോദരി വീക്ഷിക്കുന്നുണ്ടായിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ രണ്ടു പേരെയും കാറിലെത്തിയ മുഖംമൂടി സംഘം വാഹനത്തിലേക്ക് പിടിച്ചുവലിച്ച് കയറ്റി കടന്നുകളയുകയായിരുന്നു. ഇരുവരുടെയും പാദരക്ഷകളും മാലിന്യം സൂക്ഷിച്ച പ്ലാസ്റ്റിഗ് ബാഗും റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ ശ്രമത്തെ മക്കൾ ശക്തമായി ചെറുത്തിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പിതാവ് നേരത്തെ വാദിച്ചിരുന്നു.