- ടൂറിസ്റ്റ് വിസകൾക്ക് ബാധകം, ഇൻഷുറൻസ് പോളിസിയിലും ഇതേ ഇളവ്
റിയാദ് - കൊറോണ പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ച കാലം ടൂറിസ്റ്റ് വിസ കാലയളവിലും ടൂറിസ്റ്റുകൾ നേടിയ ഇൻഷുറൻസ് പോളിസി കാലയളവിലും ഉൾപ്പെടുത്തി കണക്കാക്കില്ലെന്ന് മന്ത്രിസഭാ യോഗം വ്യക്തമാക്കി. നിരവധി വിദേശികൾക്ക് ആശ്വാസകരമായി മാറുന്ന തീരുമാനം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് രീതിയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് കൈക്കൊണ്ടത്.
ഇതിനകം പ്രയോജനപ്പെടുത്താത്ത ടൂറിസ്റ്റ് വിസകളുടെയും വിമാന സർവീസുകൾ നിർത്തിവെച്ച കാലത്ത് സൗദിയിൽ കഴിയുന്ന ടൂറിസ്റ്റുകളുടെ വിസകളുടെയും കാലയളവിലും ഇവർ നേടിയ ഇൻഷുറൻസ് പോളിസി കാലയളവിലും വിമാന സർവീസുകൾ നിർത്തിവെച്ച കാലം കണക്കാക്കില്ല.
കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിച്ച മുൻകരുതൽ നടപടികളും സൗദിയിലും വിദേശത്തുമുള്ള സൗദി പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും മരുന്നുകളും ഭക്ഷണങ്ങളും ലഭ്യമാക്കുന്നതിനും സ്വീകരിക്കുന്ന നടപടികളും മന്ത്രിസഭ വിശകലനം ചെയ്തു. വിദേശങ്ങളിൽനിന്ന് സൗദി പൗരന്മാരെ ഒഴിപ്പിക്കാൻ തുടങ്ങിയതിനെയും ഇവർക്ക് ആരോഗ്യ പരിചരണങ്ങൾ നൽകുന്നതിനെയും രോഗവ്യാപനം തടയുന്നതിനു മുൻകരുതലുകൾ സ്വീകരിക്കുന്നതിനെയും മന്ത്രിസഭ പ്രശംസിച്ചു. ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് മഹാമാരി വ്യാപനം തടയുന്നതിന് സൗദി പൗരന്മാരും വിദേശികളും സഹായിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു.
ഒരു വർഷ കാലാവധിയുള്ള വിസയാണ് സൗദി അറേബ്യ ടൂറിസ്റ്റുകൾക്ക് അനുവദിക്കുന്നത്. ഇഷ്യൂ ചെയ്യുന്ന ദിവസം മുതലാണ് കാലാവധി കണക്കാക്കുക. ഈ വിസയിൽ പലതവണ രാജ്യത്ത് വന്നുപോകുന്നതിന് സാധിക്കും. എന്നാൽ ഒരു വർഷത്തിനിടെ പരമാവധി 90 ദിവസം വരെ മാത്രമേ രാജ്യത്ത് തങ്ങുന്നതിന് വിദേശ ടൂറിസ്റ്റുകൾക്ക് സാധിക്കുകയുള്ളൂ. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസകളുടെയും സൗദിയിലുള്ള ടൂറിസ്റ്റുകളുടെയും വിസകളുടെയും ഇൻഷുറൻസ് പോളിസികളുടെയും കാലാവധിയിൽ വിമാന സർവീസ് നിർത്തിവെച്ച കാലം കണക്കാക്കാതിരിക്കാനാണ് പുതിയ തീരുമാനം.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 മുതലാണ് സൗദി അറേബ്യ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ചൈന, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ജർമനി അടക്കം 49 രാജ്യക്കാർക്ക് എളുപ്പത്തിൽ ഓൺഅറൈവൽ വിസയും ഇ-വിസയും അനുവദിക്കുന്നുണ്ട്. സൗദിയിലേക്ക് തിരിക്കുന്നതിനു മുമ്പ് 49 രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇ-വിസ നേടാനും കഴിയും. ഇന്ത്യക്കാർ അടക്കമുള്ള രാജ്യക്കാർക്ക് വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴിയാണ് വിസകൾ അനുവദിക്കുന്നത്.






