പത്തനംതിട്ട- അമേരിക്കയിലെ കോവിഡ് വ്യാപനം മധ്യ തിരുവിതാംകൂറിലെ ജനങ്ങളെ ആശങ്കയുടെ മുൾമുനയിലാക്കി.
ദിവസവും ഈ പ്രദേശത്തുകാരായ അമേരിക്കയിൽ താമസിക്കുന്നവർ കോവിഡ് ബാധിച്ച് മരിക്കുന്ന വാർത്ത വരുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മധ്യ തിരുവിതാംകൂറുകാരായ നിരവധി പേർ ന്യൂയോർക്കിലും മറ്റും കോവിഡ് ബാധിച്ച് ചികിത്സയിലുമാണ്.
പത്തനംതിട്ട ജില്ലക്കാരായ എട്ട് പേരാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ മരിച്ച ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് ആയിരുന്നു ആദ്യത്തെയാൾ. കഴിഞ്ഞ ദിവസം തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസ്, ദമ്പതികളായ ഇലന്തൂർ പ്രക്കാനം ഇടത്തിൽ സാമുവൽ, ഭാര്യ മേരി എന്നിവർ മരിച്ചു. ഇന്നലെ ഇലന്തൂർ വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയും.
തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ (85), വളഞ്ഞവട്ടം തൈപറമ്പിൽ സജി എബ്രഹാമിന്റെ മകൻ ഷോൺ എസ്.എബ്രഹാം, നെടുമ്പ്രം കൈപ്പഞ്ചാലിൽ ഈപ്പൻ ജോസഫ് (74) എന്നിവരാണ് അമേരിക്കയിൽ മരിച്ച മറ്റ് പത്തനംതിട്ടക്കാർ.
കഴിഞ്ഞ ദിവസം മരിച്ച കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് നാട്ടിലും ജനകീയനായിരുന്നു. ന്യൂയോർക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്‌ട്രേഷനിൽ (സബ്‌വെ) ട്രാഫിക് കൺട്രോളറായിരുന്ന ലാലുവിന്റെ മരണം നാടിന്റെ ദുഃഖമായി. കഴക്കൂട്ടം സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജിൽ റാങ്ക് ഹോൾഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുമ്പ് അമേരിക്കയിലെത്തിയ ലാലു ഫിലാഡൽഫിയ അസൻഷൻ മർത്തോമ ചർച്ചിന്റെ സ്ഥാപകരിൽ ഒരാളും ഡയോസിസൻ പ്രതിനിധിയും ആയിരുന്നു. കോഴഞ്ചേരി പുഷ്പമേളയുടെ സംഘാടകരായ സ്‌നേഹതീരം ട്രസ്റ്റിന്റെ രക്ഷാധികാരിയായിരുന്ന അദ്ദേഹം രണ്ടു മാസം മുമ്പ് പുഷ്പമേളയ്ക്കായി കോഴഞ്ചേരിയിലെത്തിയതാണ്. എയർ ഫോഴ്സിലായിരുന്ന ജോസഫിന്റെയും ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും മകനാണ്. ലാലുവിന്റെ ഭാര്യ റേച്ചലും കോവിഡ് ബാധയെ തുടർന്ന് അമേരിക്കയിൽ ചികിൽസയിലാണ്.
കോവിഡ് ബാധ അമേരിക്കയിലെ മലയാളികളെ മൊത്തത്തിൽ നിരാശരാക്കിയിരിക്കുകയാണ്. കോവിഡ് പരിശോധനയും ചികിത്സയും ഇന്ത്യയിലെ പോലെ അവിടെ സൗജന്യമല്ല. ടെസ്റ്റ് ചെയ്യാൻ തന്നെ ആയിരം ഡോളറിലേറെ നൽകണം. ഐസൊലേഷനും വൻ തുകയാണ് ആശുപത്രികൾ ഈടാക്കുന്നത്.
അമേരിക്കൻ സ്വപ്‌ന ജീവിതം തേടിപ്പോയ പലരും നാട്ടിലേക്ക് മടങ്ങിയാലോ എന്ന ആലോചനയിലാണിപ്പോൾ. നാട്ടിലുള്ളവരുമായി സംവദിക്കുമ്പോൾ ഇക്കാര്യം അവർ അടിവരയിടുന്നു. അതിന് അവർ കാരണവും നിരത്തുന്നു. യു.എസിലെ വയോജന മന്ദിരങ്ങളിൽ നിന്നും അടുക്കി അടുക്കി കൊണ്ടുപോകുന്ന മൃതദേഹങ്ങൾ കണ്ട് പലരുടേയും മനസ്സ് മരവിച്ചു. ഇതാവാം തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനകൾ പലരും തുടങ്ങിയത്. അങ്ങനെ സംഭവിച്ചാൽ മധ്യ തിരുവിതാംകൂറിൽ ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന കൂറ്റൻ വീടുകളിൽ ആളനക്കമുണ്ടാകുന്ന കാലം വിദൂരമല്ല.