കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൊറോണ; മുഖ്യമന്ത്രിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു

ന്യൂദല്‍ഹി- ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. എംഎല്‍എ ഇമ്രാന്‍ ഖഡേവാലയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാനിയും മറ്റ് രണ്ട് എംഎല്‍എമാരും പങ്കെടുത്ത യോഗത്തില്‍ നിന്ന് മടങ്ങിയ ശേഷമാണ് എംഎല്‍എയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി അദ്ദേഹത്തിന് നേരിയ പനി ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധനക്കായി സാമ്പിള്‍ നല്‍കിയത്. എന്നാല്‍ പരിശോധനാഫലം വരുംമുമ്പെ അദ്ദേഹം പുറത്ത് ഇടപഴകിയിരുന്നു.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും പങ്കെടുത്തിരുന്നുവെന്നാണ് വിവരം. എന്നാല്‍ കൊറോണ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചാണ് യോഗം നടന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ട്. ഒരു മീറ്ററെങ്കിലും അകലത്തിലായിരുന്നു യോഗത്തില്‍ പങ്കെടുത്തവര്‍ ഇരുന്നതെന്നും വീഡിയോ വ്യക്തമാക്കുന്നു. 
ഇതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഗാന്ധിനഗറിലെ എസ്‌വിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അദ്ദേഹം എത്ര ആളുകളുമായി ഇടപഴകിയിട്ടുണ്ടെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
 

Latest News