മുഖ്യമന്ത്രി ഇടപെട്ടു; വഴിയില്‍ കുടുങ്ങിയ ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബത്തേരി-ബംഗളരൂരുവില്‍നിന്നു തലശേരിയിലേക്കുള്ള  യാത്രയില്‍ വഴിയില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനു ഒടുവില്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശേരി ചെറുപറമ്പ് തൂവക്കുന്ന് കാര്‍ത്തിക വീട്ടില്‍ ഗോപകുമാറിന്റെ ഭാര്യ ഷിജിലയെയാണ്  ഉച്ചയോടെ സംസ്ഥാന അതിര്‍ത്തിയിലെ മുത്തങ്ങയില്‍നിന്നു ആശുപത്രിയിലെത്തിച്ചത്. ഇവര്‍ ഗര്‍ഭകാല പരിചരണത്തിനൊപ്പം നിരീക്ഷണത്തിലും ആയിരിക്കും. മുഖ്യമന്ത്രിയും  ആരോഗ്യമന്ത്രിയും ഇടപെട്ടതാണ് ഷിജിലയ്ക്കു വയനാട്ടില്‍ പ്രവേശനം അനുവദിക്കുന്നിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും സഹായകമായത്. ബംഗളുരുവില്‍നിന്നു  കാറില്‍ പുറപ്പെട്ട ഷിജില തിങ്കളാഴ്ച ഉച്ചയോടെയാണ് മുത്തങ്ങ ചെക്പോസ്റ്റിലെത്തിയത്.  കാറില്‍ ഡ്രൈവര്‍ക്കു പുറമേ സഹോദരിയും രണ്ടും കുട്ടികളും ഉണ്ടായിരുന്നു. ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കു കര്‍ണാടക പോലീസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഷിജിലയ്ക്കും കൂടെയുള്ളവര്‍ക്കും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വയനാട്ടിലേക്കു പ്രവേശനാനുമതി ലഭിച്ചില്ല. ദീര്‍ഘനേരം ചെക്പോസ്റ്റില്‍ കാത്തുനിന്ന ഇവര്‍ രാത്രി ഏഴോടെ മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങി. ഷിജിലക്കുണ്ടായ ദുരനുഭവം മാധ്യമങ്ങള്‍ മുഖേന അറിഞ്ഞ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രശ്നപരിഹാരത്തിനു വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നു ജില്ലാ ഭരണകൂടം അറിയിച്ചതനുസരിച്ചു  ഷിജില മുത്തങ്ങയില്‍ തിരിച്ചെത്തുകയായിരുന്നു.  ഒപ്പമുണ്ടായിരുന്നവരില്‍ കുട്ടികളടക്കമുള്ളവര്‍ക്കു ജില്ലയില്‍ പ്രവേശം അനുവദിച്ചിട്ടില്ല.

 

Latest News