തിരുവനന്തപുരം- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങാനിടയുള്ള സാധ്യത കണക്കിലെടുത്ത് ജില്ലകളില്‍ നിരീക്ഷണ കേന്ദ്രങ്ങളൊരുക്കുന്നു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാക്ക് നിര്‍ദേശം നല്‍കി.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുകയാണ്. പ്രവാസികളെ തിരികെ കൊണ്ടുപോകണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. വേണ്ടിവന്നാല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഏറ്റെടുത്താണ് സൗകര്യങ്ങള്‍ ഒരുക്കുക. പണം നല്‍കി ഉപയോഗിക്കാവുന്ന കെയര്‍ സെന്ററുകളും പ്രവസികള്‍ക്കായി ഒരുക്കും.
മുസ്ലിം ലീഗും എം.ഇ.എസും അടക്കുമുള്ള സംഘടനകള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.






