ബിഹാറില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴശിക്ഷ, അല്ലെങ്കില്‍ ആറു മാസം ജയില്‍

പട്‌ന- കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ച് ബിഹാര്‍ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.

നിരോധം ലംഘിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 200 രൂപ പിഴയോ ആറു മാസം ജയിലോ ശിക്ഷ നല്‍കും. 1897 ലെ പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് തീരുമാനം.
പുകയില, ഗുഡ്ക, പാന്‍ മസാല, ബീഡി, സിഗരറ്റ് എന്നിവ ഉപയോഗിച്ച ശേഷം പൊതുസ്ഥലങ്ങളായ റോഡുകളിലും പോലീസ് സ്‌റ്റേഷനുകളും ആശുപത്രികളും അടക്കമുള്ള കെട്ടിടങ്ങളിലും തുപ്പുന്നതാണ് നിരോധിച്ചിരിക്കുന്നതെന്ന് ബിഹാര്‍ ആരോഗ്യവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.

കോവിഡിനു പുറമെ, ക്ഷയവും മസ്തിഷ്‌കവീക്കവും അടക്കമുള്ള രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നതും മറ്റും നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുപ്പാരിയും പാന്‍മസാലയും മറ്റു പുകയില ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നത് ധാരാളം ഉമിനീരിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം.

 

Latest News