ന്യൂദല്‍ഹി-കോവിഡ് ലോക്ഡൗണില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി അവര്‍ക്ക് വേണ്ടി ചെയ്യാന്‍ പോകുന്ന സഹായങ്ങളൊന്നും പ്രഖ്യാപിച്ചില്ല. കോവിഡുമായി ബന്ധപ്പെട്ട് ഇതിനു മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ക്ക് സമാനമാണ് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിക്കൊണ്ട് ഇന്ന് നടത്തിയ പ്രസംഗവും.
ഇന്ത്യയെ രക്ഷിക്കാന്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ഇന്ത്യന്‍ ജനതയുടെ ത്യാഗങ്ങള്‍ക്കുമുന്നില്‍ തലകുനിക്കുന്നുവെന്നും പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ പ്രയാസമകറ്റാന്‍ എന്തൊക്കെ ചെയ്യുമെന്ന് വിശദീകരിച്ചില്ല.
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലെങ്കിലും സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കയാണ് തൊഴിലാളികളുടെ ദുരവസ്ഥ.
രാജ്യത്ത് ആദ്യ കോവിഡ് മരണം നടക്കുന്നതിനുമുമ്പ് തന്നെ ഇന്ത്യ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് മോഡി അവകാശപ്പെട്ടു. പ്രതിസന്ധി സമയത്ത് മറ്റു രാഷ്ട്രങ്ങളെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ടുതന്നെ ഇന്ത്യ വികസിത രാഷ്ട്രങ്ങളേക്കാള്‍ മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
600 ലേറെ ആശുപത്രികളും ഒരു ലക്ഷം കിടക്കകളും സജ്ജമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പാവങ്ങള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍നിന്ന് സഹായം ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ ആരംഭിച്ച് രണ്ട് ദിവസങ്ങള്‍ക്കുശേഷം പദ്ധതി വഴി പരിമിതമായ സഹായങ്ങള്‍ മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്.
വിവിധ സംസ്ഥാനങ്ങളിലും അഭയകേന്ദ്രങ്ങളിലും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും ലഭ്യമാക്കാനുള്ള നടപടികളുമില്ല. സൗകര്യങ്ങളില്ലാത്ത അഭയകേന്ദ്രങ്ങളില്‍ ശുചിത്വമില്ലായ്മ വലിയ ഭീഷണി ഉയര്‍ത്തുന്നു.
ഏതു സംസ്ഥാനക്കാരെന്നു നോക്കാതെ സംസ്ഥാനങ്ങള്‍ റേഷന്‍ നല്‍കണമെന്ന് വ്യക്തമാക്കുകയോ ഗോഡൗണുകളില്‍ കൂടുതലുള്ള ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്തില്ല. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് പ്രയാസപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള പതിനായിരക്കണക്കിന് കോടികളുടെ കുടിശ്ശിക ഫണ്ടുകളുടെ കാര്യത്തിലും മൗനം പാലിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വ്യക്തിസുരക്ഷാ സാമഗ്രികളുടെ ലഭ്യതയെ കുറിച്ചോ പരിശോധന കിറ്റുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യതയെ കുറിച്ചോ പ്രധാനമന്ത്രി സൂചിപ്പിച്ചില്ല. ജോലിയില്ലാതായ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിന് വ്യവസായങ്ങള്‍ക്ക് ഉത്തേജക പദ്ധതി പ്രഖ്യാപിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ സൂചനയില്ല.






