അങ്കമാലി- ലോക്ഡൗണിനിടെ യൂട്യൂബിൽ നോക്കി വാറ്റു ചാരായമുണ്ടാക്കി വിറ്റ യുവാവ് പിടിയിൽ. വാറ്റു ചാരായമുണ്ടാക്കി വിൽക്കുന്നതിനിടെ വാറ്റുപകരണങ്ങൾ സഹിതമാണ് യുവാവിനെ എക്‌സൈസ് പിടികൂടിയത്. ആലുവ താലൂക്ക് കറുകുറ്റി വില്ലേജ് മുന്നൂർപ്പിള്ളി കരയിൽ മുണ്ടേലി വീട്ടിൽ പ്രഹഌദൻ മകൻ പ്രശാന്ത് (33) ആണ് അറസ്റ്റിലായത്.
കറുകുറ്റി പഞ്ചായത്തിലെ മുന്നൂർപ്പിള്ളി കരയിൽ നിന്നും സ്വന്തം വീട്ടിൽ വെച്ച് യൂട്യൂബിന്റെ സഹായത്തോടെ വാറ്റ് ചാരായം ഉത്പാദിപ്പിച്ച് വിൽപന നടത്തുകയായിരുന്നു. അങ്കമാലി എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് വാറ്റ് ചാരായം പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും 4 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളായ പ്ലാസ്റ്റിക്ക് ഡ്രം, അടിഭാഗം സുഷിരങ്ങളോടു കൂടിയ അലുമിനിയം ചരുവം, ഹോസ്, അലുമിനിയം കലം, ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടർ എന്നിവ കണ്ടെടുത്തു. ആദ്യമായാണ് ഇയാൾ പിടിക്കപ്പെടുന്നത്, ലോക്ഡൗൺ സമയത്ത് മദ്യനിരോധനം ഉള്ളതിനാൽ വാറ്റ് ചാരായം ഉത്പാദിപ്പിക്കുന്നതിനായി മൊബൈലിൽ യൂ ട്യൂബിന്റെ സഹായത്തോടെയാണ് ഇയാൾ വാറ്റുപകരണങ്ങൾ സെറ്റ് ചെയ്തതിരുന്നത്.
ചാരായം വാറ്റുന്നതിന് മുന്നോടിയായുള്ള വാഷ് ഇടുന്നതിന് ആവശ്യമായ ശർക്കര, കറുകപ്പട്ട, താതിരി പൂവ്, പൈനാപ്പിൾ, സൂചി ഗോതമ്പ് എന്നിവ ചാലക്കുടി മാർക്കറ്റിൽ നിന്നാണ് വാങ്ങിയത്. ശർക്കര ഒരുമിച്ച് വാങ്ങിയാൽ സംശയം തോന്നുമെന്നതിനാൽ ഇയാൾ പല കടകളിൽ നിന്നാണ് ശർക്കര വാങ്ങിയത്. വാഷ് 200 ലിറ്ററിന്റെ പ്ലാസ്റ്റിക്ക് ഡ്രമ്മിലാക്കി വീടിനടുത്തുള്ള വാഴത്തോട്ടത്തിലാണ് ഒളിപ്പിച്ചു വെച്ചിരുന്നത്.
ആരുടേയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ വാഴയിലയും ടാർപോളിനും വെച്ചാണ് ഡ്രം മറച്ചിരുന്നത്. യൂ ട്യൂബിൽ വാറ്റ് ചാരായം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് മനസിലാക്കി
അതിനുള്ള വാറ്റുപകരണങ്ങൾ വാങ്ങുകയും, ഇതിനായുള്ള ഗ്യാസ് അടുപ്പ് വാടകയ്ക്ക് എടുക്കുകയും ഗ്യാസ് സിലിണ്ടർ വീട്ടിലേത് തന്നെ ഉപയോഗിക്കുകയും ചെയ്തു. എക്‌സൈസ് വീട്ടിൽ ചെല്ലുമ്പോൾ വാറ്റുപകരണങ്ങൾ അടുക്കി വെച്ച് വാറ്റുന്ന രീതിയിലാണ് കണ്ടത്. ഇയാൾ വീട്ടിൽ ഒറ്റക്കാണ് താമസം. ഡ്രൈവറായാണ് ജോലി നോക്കുന്നത്. സ്വന്തം ആവശ്യത്തിനും ഈസ്റ്റർ, വിഷു എന്നീ ദിവസങ്ങളിൽ വിൽപ്പനക്കുമായി ഇയാൾ 50 ലിറ്റർ ചാരയമാണ് വാറ്റിയെടുത്തത്. ഒരു ലിറ്റർ വാറ്റ് ചാരായം 1200 രൂപക്കാണ് ഇയാൽ വിൽപന നടത്തിയിരുന്നത്. പിടിക്കപ്പെടുമെന്ന കാരണത്താൽ സുഹൃത്തുക്കൾക്ക് മാത്രമാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. അങ്കമാലി എക്‌സൈസ് ആണ് പിടികൂടിയത്.