തിരുവനന്തപുരം- കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടു വരുന്നത് സാദ്ധ്യമാക്കുന്നതിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം കാരണം പ്രതിസന്ധിയിലായ ഗൾഫ് മേഖലയിലെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കേന്ദ്ര വിദേശ കാര്യമന്ത്രി ജയശങ്കർക്ക് നൽകിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. ഗൾഫിലെ ഇന്ത്യാക്കാരെ മടക്കിക്കൊണ്ടു വരുന്നതു സംബന്ധിച്ച ഹർജി ഒരു മാസത്തേക്ക് സുപ്രീം കോടതി മാറ്റി വച്ചു എങ്കിലും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അപ്പീൽ നടപടികൾക്കുള്ള സാദ്ധ്യത ആരായണം.
യു.എ.ഇ.യിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും കോവിഡ് 19 പടർന്നു പിടിച്ചതോടെ അവിടെയുള്ള ഇന്ത്യൻ സമൂഹം കടുത്ത ഭീതിയിലും ഉത്കണ്ഠയിലും കുടുങ്ങിയിരിക്കുകയാണ്. ആയിരക്കണക്കിനാളുകൾക്ക് തൊഴിലും നഷ്ടപ്പെട്ടു. ആയിരങ്ങളെ ശമ്പളമില്ലാത്ത അവധിയിലാക്കി. ഈ സാഹചര്യത്തിൽ അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്.അതിനാൽ മുൻഗണനാക്രമം നിശ്ചയിച്ച് വരാൻ ആഗ്രഹിക്കുന്നവരെ മടക്കി കൊണ്ടു വരികയാണ് വേണ്ടത്.
ഗർഭിണികൾ, കോവിഡ് അല്ലാതെ മറ്റു രോഗങ്ങൾ ബാധിച്ചവർ, വൃദ്ധജനങ്ങൾ, തൊഴിൽ രഹിതകർ തുടങ്ങിയവർക്ക് മടങ്ങിപോരാൻ മുൻഗണന നൽകണം. മടങ്ങി ഇന്ത്യയിലെത്തുന്നവരെ ക്വാറന്റെയിൽ ചെയ്യുന്നതിന് വിപുലമായ ഏർപ്പാടുകൾ ഇപ്പോൽതന്നെ ചെയ്യണം.
രമേശ് ചെന്നിത്തല മുന്നോട്ട് വച്ച് മറ്റു നിർദ്ദേശങ്ങൾ:
ഗൾഫ് നാടുകളിൽ കോവിഡ് 19 പോസിറ്റീവ് ആയ ഇന്ത്യാക്കാരെ മണിക്കൂറുകൾക്ക് ശേഷമോ ദിവസങ്ങൾക്ക് ശേഷമോ ആണ് ആശുപത്രികളിലേയ്‌ക്കോ ഐസലേഷൻ സെന്ററുകളിലേക്കോ മാറ്റുന്നത്. ഒരേ ഫ്‌ളാറ്റിൽ 15 മുതൽ 20 പേർ വരെ താമസിക്കുന്ന ബാച്ചിലേഴ്‌സ് അക്കോമഡേഷനുകളിൽ ഇത് രോഗവ്യാപനത്തിന് കാരണമാകുന്നു. അതിനാൽ കോവിഡ് പോസിറ്റീവ് ആയവർക്ക് മതിയായ ചികിത്സ നൽകുന്നതിനുള്ള സൗകര്യം അടിയന്തരമായി ഏർപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് നയതന്ത്ര തലത്തിൽ നടപടി എടുക്കണം. പോസിറ്റീവ് ആയവരോട് സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കുന്നതിന് പ്രത്യേക ക്വാറന്റെയിൻ കേന്ദ്രങ്ങൾ വേണം.
അതാത് ഗൾഫ് രാജ്യങ്ങൾ ആരംഭിക്കുന്ന ക്വാറന്റെയിൽ കേന്ദ്രങ്ങൾക്ക് പുറമേ ആ രാജ്യങ്ങളുടെ അനുമതിയോടെ ഇന്ത്യൻ എംബസികൾക്കും നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതാണ്.കോവിഡ് പടർന്നു പിടിച്ചതോടെ ഭയചികിതരായി കഴിയുന്ന ഇന്ത്യാക്കാർക്ക് ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
കോവിഡ് ഭീഷണി കാരണം ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് തൊഴിൽ നഷ്ടപ്പെടുകയോ, ശമ്പളമില്ലാത്ത അവധിയിൽ ആവുകയോ ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വാടക കൊടുക്കുന്നതിനും ഭക്ഷണം വാങ്ങുന്നതിനും പണമില്ലാതെ വിഷമിക്കുന്ന ആയിരക്കണക്കിനാളുകളുമുണ്ട്. ഇവർക്ക് അടിയന്തരമായി സഹായം എത്തിക്കണം. ടൂറിസ്റ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞ് ഗൾഫ് മേഖലയിൽ കുടുങ്ങിപ്പോയവവരും ധാരാളമാണ്. അവർക്ക് വിസ പുതുക്കിക്കൊടുക്കുന്നതിനുള്ള നടപടികൾ നയതന്ത്രതലത്തിൽ ആരംഭിക്കണം.
തൊഴിൽ നഷ്ടപ്പെട്ടു മടങ്ങി എത്തിന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കണം.
മടങ്ങിവരുന്നവർക്ക് ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനും നാമമാത്രമായ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കണം.തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് തൊഴിൽ നൽകുന്നതിനും ജില്ല അടിസ്ഥാനത്തിൽ ലേബർ സഹകരണ സംഘങ്ങൾ രൂപീകരിക്കണം.