ദുബായിൽനിന്ന് കോട്ടയത്തേക്ക് അപൂർവ്വ മരുന്നെത്തിച്ച് കെ.എം.സി.സിയുടെ കാരുണ്യസ്പർശം 

മലപ്പുറം- കോട്ടയം ജില്ലയിലെ രണ്ടര വയസുള്ള കുഞ്ഞിന്റെയും മാതാപിതാക്കളുടെയും ആശങ്ക നിറഞ്ഞ കാത്തിരിപ്പിനു വിരാമം കുറിച്ച് ദുബായിൽനിന്ന് അവശ്യമരുന്ന് എത്തിച്ചു കൊടുത്ത് കെ.എം.സി.സിയുടെ കാരുണ്യ സ്പർശം.  ലോകം കോവിഡ് ഭീതിയിലമർന്നു കിടക്കുമ്പോൾ അടിയന്തിര ചികിൽസക്ക് ആവശ്യമായ മരുന്ന്് കോട്ടയം ജില്ലയിലെ മൂന്നു പേർക്കാണ് ദുബായ് കെ.എം.സി.സി. എത്തിച്ചു കൊടുത്തത്. കുടുംബാംഗങ്ങൾ സോഷ്യൽമീഡിയയിലൂടെ മരുന്നിന് വേണ്ടി ആഴ്ചകളോളം അഭ്യർത്ഥന നടത്തിയിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്ന് കേരളത്തിലെ മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ് ഗാർഡിനോട് അഭ്യർത്ഥന നടത്തുകയായിരുന്നു. 
കോട്ടയം ജില്ലയിലെ കൊല്ലാട്  രാജേഷിന്റെയും ശരണ്യയുടെയും രണ്ടര വയസ്സുള്ള മകൾ കൃഷ്ണേന്ദു, ഒപ്പം പാലയിലെ വേദിക, കാഞ്ഞിരപ്പള്ളിയിലെ ആർദ്ര  എന്നിവരാണ് അസുഖത്തിനുള്ള മരുന്ന് കിട്ടാതെ  ലോക്ക് ഡൗണിൽ ദുരിതത്തിലായത്. തുടർന്ന് ഈ ദൗത്യം വൈറ്റ് ഗാർഡ് ഏറ്റെടുക്കുകയായിരുന്നു. വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ  ഷഫീക് വാച്ചാൽ ഉടൻ തന്നെ കേരളത്തിലും മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ ഡൽഹി എന്നിവിടങ്ങളിലും ഈ മരുന്ന് അന്വേഷിച്ചു. അവിടങ്ങളിൽ  ലഭ്യമല്ലാത്തതിനാൽ ദുബായ്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ  ഗൾഫ് രാജ്യങ്ങളിലേക്ക് അന്വേഷണം നീണ്ടു .ഒടുവിൽ കെഎംസിസി  നേതാവായ സാദിഖ് ബാലുശ്ശേരിയെയും കോഴിക്കോട് ജില്ലാ സെക്രട്ടറി കോയമ്പ്രം മൂസയെയും ബന്ധപ്പെട്ടു. അവർ കെ.എം.സി.സി. ഫർമസി സെൽ കോർഡിനേറ്റർമാരായ പി.വി. ഇസ്മായിൽ, പാനൂർ, എം.വി. നിസാർ പാനൂർ എന്നവരുമായി ചേർന്ന് ദുബായിൽ നിന്ന് മരുന്ന് വാങ്ങുകയും ചെയ്തു. 
ട്യൂബറസ് സ്ലിറോസിസ് എന്ന അസുഖത്തിനുള്ള സബ്‌റിൽ 500  എം.ജി  ഫിലിം ടാബ്ലറ്റ്  എന്ന മരുന്നിനാണ് രാജേഷ് ശരണ്യ ദമ്പതികൾ വൈറ്റ് ഗാർഡിനെ സമീപിച്ചത്. എയർ കാർഗോ വഴി മരുന്ന്  നാട്ടിലെത്തിക്കാൻ അമ്പതിനായിരം രൂപയോളം ചെലവ് വരുമെന്നറിഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ ലീഗ്  രാജ്യ സഭാംഗം പി.വി. അബ്ദുൽ വഹാബ് എം.പി.യുടെ മകൻ പി.വി. ജാബിർ  മുഴുവൻ ചെലവും ഏറ്റെടുക്കുകയായിരുന്നു.  ഇസ്മായിലും സഹപ്രവർത്തകരും മരുന്നിനു വേണ്ട എല്ലാ തുകയും നൽകിയതോടെ വലിയ ഒരു കാരുണ്യ സ്പർശമായി ഇത് മാറുകയായിരുന്നു.  മുസ്്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ.ഫിറോസും നിരന്തരം കെ.എം.സി.സിയെയും വൈറ്റ് ഗാർഡ് പ്രവർത്തകരെയും ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്താൻ നിർദേശം നൽകിയിരുന്നു. കെ.എം.സി.സി.കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ ചേലേരി, കോർഡിനേറ്റർ അഫ്‌സൽ ഉളിയിൽ, ഫർമസിസ്‌റ് സയ്യിദ് ആബിദ് പാനൂർ, റഹദാദ് മൂഴിക്കര എന്നിവരും പ്രവർത്തനങ്ങളിൽ സജീവമായി. ഇന്നലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് കൃഷ്‌ണേന്ദുവിന്റെ മാതാവും വൈറ്റ് ഗാർഡും ചേർന്ന് മരുന്ന് ഏറ്റു വാങ്ങി.മരുന്ന് എത്തിക്കാനായി യൂത്ത് ലീഗ് നേതാക്കളും വൈറ്റ് ഗാർഡ് പ്രവർത്തകരും നടത്തിയ സേവനത്തെ അവർ അഭിനന്ദിച്ചു.
 

Latest News