Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് ശുഭവാർത്തക്ക് കാതോർത്ത് മറ്റൊരു മലയാളി കുടുംബം 

മുജീബ് റഹ്മാൻ, മുജീബ് ഇനിയും കണ്ടിട്ടില്ലാത്ത ഇളയ കുട്ടി മുഹമ്മദ് നിഷാൽ.

അൽഹസ- സൗദിയിലെ അൽഹസയിൽ മലയാളിയുടെ തിരോധാനത്തിന് ഒന്നര വർഷം പൂർത്തിയാകുന്നു. മൂന്ന് വർഷം മുമ്പ് റിയാദിൽനിന്നു കാണാതായ കണ്ണൂർ സ്വദേശിയെ കണ്ടെത്തിയെന്ന വാർത്ത മലപ്പുറം കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ കുടുംബത്തിൽ വീണ്ടും പ്രതീക്ഷ നിറച്ചിരിക്കയാണ്. ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബം പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുന്നു. അവധിക്കാലം കഴിഞ്ഞെത്തിയ കൊണ്ടോട്ടി ചിറയിൽ ചുങ്കം സ്വദേശി മുജീബ് റഹ്മാൻ (46) 2018 ഒക്ടോബർ ഏഴിനാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായത്. ഒക്ടോബർ രണ്ടിന് സൗദിയിലേക്ക് മടങ്ങുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. ബാപ്പയെ കാണാത്ത മകൻ മുഹമ്മദ് നിഷാലിന് ഇപ്പോൾ ഒരു വയസ്സു കഴിഞ്ഞു. മുജീബിനെ കണ്ടെത്താൻ പോലീസ് സ്‌റ്റേഷനുകൾ വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയും സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സാമൂഹിക പ്രവർത്തകർ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.  


അൽഹസയിൽ ഖത്തർ അതിർത്തിയിലെ ക്യാമ്പിൽ ജോലി ചെയ്തിരുന്ന മുജിബ് റഹ്മാൻ വീട്ടുകാരടക്കം പിന്നീട് ആരുമായും ബന്ധപ്പെട്ടതായി വിവരമില്ല. മുജീബ് ജോലി ചെയ്തിരുന്ന ക്യാമ്പിലെ മലയാളികളുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകർ മരുഭൂമിയിൽ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഒന്നര മാസത്തെ അവധി കഴിഞ്ഞ് വരുമ്പോൾ മുജീബ് കൊണ്ടുവന്നിരുന്ന ബാഗേജ് അതേപോലെ മുറിയിലുണ്ടായിരുന്നു. ശമ്പള ബാക്കിയായി ലഭിച്ചിരുന്ന 3500 റിയാലും ചെറിയ ബാഗും മൊബൈൽ ഫോണും എടുത്താണ് അദ്ദേഹം മുറി വിട്ടിറങ്ങിയിരുന്നത്.
മരുഭൂമിയിൽ ആട്ടിടയൻമാരോടൊക്കെ വിവരം പങ്കുവെച്ച് സാമൂഹിക പ്രവർത്തകർ സൽവ അതിർത്തിവരെ പോയിരുന്നു. അൽഹസ, ദമാം എന്നിവിടങ്ങളിൽ ജയിലുകളിലും ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലുമൊക്കെ സ്പോൺസറുടെ സഹായത്തോടെ അന്വേഷിച്ചിരുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് ബാലുശ്ശേരി പറയുന്നു. അപ്രത്യക്ഷനായതിനെ തുടർന്ന് ഹുറൂബ് രേഖപ്പെടുത്തിയെങ്കിലും അന്വേഷണത്തിൽ സ്പോൺസർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. മുജീബിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുജീബ് ബാലുശ്ശേരി (0551955975), അനിൽ റഹിമ (0555236457) എന്നിവരുമായി ബന്ധപ്പെടണം.

Latest News