കോവിഡ്-19: മലപ്പുറത്ത് ആറുപേർ  കൂടി രോഗമുക്തരായി വീടുകളിലെത്തി 

രോഗമുക്തരായവരുമായി വീടുകളിലേക്ക് പുറപ്പെടുന്ന ആംബുലൻസുകൾ.

മലപ്പുറം- കോവിഡ് ചികിൽസയിൽ അഭിമാനിക്കാവുന്ന നേട്ടമായി ആറു പേർ കൂടി മഞ്ചേരി മെഡിക്കൽ കോളേജിന്റെ പടികളിറങ്ങി സ്വന്തം വീടുകളിലെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആറു പേരാണ് പൂർണാരോഗ്യത്തോടെ മടങ്ങിയത്. കേരളത്തിനുള്ള വിഷക്കൈനീട്ടമായാണ് ആരോഗ്യവകുപ്പ് ഇവരുടെ രോഗമുക്തിയെ വിശേഷിപ്പിച്ചത്. ഇവരിൽ നാലു പേർ യു.എ.ഇയിൽ നിന്ന് അവധിയിൽ നാട്ടിലെത്തിയവരാണ്. 
ജില്ലയിലെ ആദ്യ കോവിഡ് ബാധിതരിൽ ഒരാളായ അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശിനി അറുപതുകാരിയായ ഫാത്തിമയാണ് ആദ്യം വീട്ടിലേക്ക് മടങ്ങിയത്. ആരോഗ്യ പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും സംസ്ഥാന സർക്കാരിനും നന്ദി പറഞ്ഞുകൊണ്ട് വിതുമ്പലോടെയാണ് അവർ മടങ്ങിയത്. ന്യൂമോണിയ ബാധിതയായിരുന്ന ഇവർ പൂർണ ആരോഗ്യവതിയായാണ് വീട്ടിലേക്ക് തിരിച്ചുപോയത്. മാർച്ച് 13 നാണ് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.


വേങ്ങര കൂരിയാട് സ്വദേശി അബ്ദുൽ കരീം (31), താനാളൂർ മീനടത്തൂർ സ്വദേശി അലിഷാൻ സലീം (28), മാർച്ച് 22 ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദ് (24), മാർച്ച് 29 ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീർ (41), ഏപ്രിൽ ഒന്നിന് കോവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാൾ സ്വദേശി ഫാസിൽ (31) എന്നിവർ സാമൂഹിക അകലം പാലിച്ചുകൊണ്ട് പിന്നാലെയെത്തി. കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തങ്ങൾക്ക് ലഭിച്ചതെന്നും ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാന സർക്കാരിനും നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നുവെന്നും ഇവർ പ്രതികരിച്ചു.


അബുദാബിയിൽ ജോലി തേടി വിസിറ്റിങ് വിസയിൽ പോയ വേങ്ങര കൂരിയാട് സ്വദേശി അബ്ദുൽ കരീം (31) മാർച്ച് 19 നാണ് നാട്ടിലെത്തിയത്. 21 ന് വൈറസ് ബാധ സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്‌കോട്‌ലൻഡിൽ എം.ബി.എ വിദ്യാർഥിയായിരുന്ന താനാളൂർ മീനടത്തൂർ സ്വദേശി പാറപ്പുറത്ത് അലിഷാൻ സലീം (22) മാർച്ച് 18 നാണ് നാട്ടിലെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധിച്ച ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ രോഗം സ്ഥിരീകരിച്ച് മാർച്ച് 21 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദുബായിൽ ജോലിയുടെ ആവശ്യത്തിന് വേണ്ടി വിസിറ്റിംഗ് വിസയിൽ പോയ കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി പുതിയ നാലകത്ത് മുഹമ്മദ് സഹദ് (24) മാർച്ച് 21 ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയത്. അവിടെ നിന്നും ആംബുലൻസിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സഹദിനെ മാർച്ച് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദുബായിൽ നിന്ന് മാർച്ച് 19 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീർ (41) പരിശോധനകൾ പൂർത്തിയാക്കി വീട്ടിൽ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം പൊതുസമ്പർക്കമില്ലാതെ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 24 ന് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


എടപ്പാൾ സ്വദേശി ഫാസിൽ (31) മാർച്ച് 19 നാണ് ഷാർജയിൽ നിന്ന് ജില്ലയിലെത്തിയത്. പരിശോധനകൾ പൂർത്തിയാക്കി വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം സ്വയം നിരീക്ഷണം ആരംഭിച്ചു. മാർച്ച് 30 ന് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഉച്ചക്ക് 108 ആംബുലൻസിൽ തിരൂർ ജില്ലാ ആശുപത്രിയിലെത്തി സാമ്പിൾ നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഏപ്രിൽ ഒന്നിന് ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഇവർ വീട്ടിലേക്കു മടങ്ങുന്നതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം എട്ടായി. ജില്ലയിലെ ആദ്യ കോവിഡ് ബാധിത വണ്ടൂർ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടി, തിരൂർ പൊന്മുണ്ടം പാറമ്മൽ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫ എന്നിവർ കോവിഡ് രോഗവിമുക്തരായി നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.പി.ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി.നന്ദകുമാർ, നോഡൽ ഓഫീസർ ഡോ.ഷിനാസ് ബാബു തുടങ്ങിയവർ ചേർന്നാണ് ഇവരെ യാത്രയയച്ചത്.

Latest News